തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആള്‍ക്കൂട്ടമുണ്ടാക്കുന്ന സാമൂഹിക, സാംസ്‌കാരിക, മതപര പരിപാടികളും ഒഴിവാക്കണം. പളളികളില്‍ നിയന്ത്രണങ്ങള്‍ തുടരും. ചെറിയ പളളികളില്‍ ആള്‍ എണ്ണം വീണ്ടും കുറയ്‌ക്കും.
Read Also : നാലായിരത്തോളം കോച്ചുകൾ കോവിഡ് കെയർ സെന്ററുകളാക്കി മാറ്റി ഇന്ത്യൻ റയിൽവേ
സംസ്ഥാനത്ത് ലോക്‌ഡൗണ്‍ ഉണ്ടാകില്ല. എന്നാല്‍ വാരാന്ത്യത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ നിയന്ത്രണം തുടരും. അത്യാവശ്യ സര്‍വീസുകളെ അന്ന് ഉണ്ടാകൂ. സര്‍ക്കാര്‍, അര്‍ത്ഥ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അന്ന് അവധി നല്‍കും. വിവാഹ ചടങ്ങുകള്‍ക്ക് 75 പേരെ എന്നത് 50 ആയി ചുരുക്കി.
വോട്ടെണ്ണല്‍ ദിവസങ്ങളില്‍ കൗണ്ടിംഗ് സെന്ററിലേക്ക് അതുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമാകും പ്രവേശനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും മാത്രമാണ് പ്രവേശന അനുമതിയുളളു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വാക്‌സിന്‍ രണ്ട് ഘട്ടവും സ്വീകരിച്ചവരാകണം. അല്ലാത്തവര്‍ 72 മണിക്കൂറിനകം ടെസ്‌റ്റ് ചെയ്ത ആര്‍.ടി.പി.സി.ആര്‍ ഫലം കൈയില്‍ കരുതണം. യോഗങ്ങള്‍ ഓണ്‍ലൈന്‍ വഴി നടത്തണമെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ റൊട്ടേഷന്‍ മാതൃകയിലാണ് ജോലിനോക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങള്‍ പരമാവധി ആളെ കുറച്ച് ജോലി ക്രമീകരിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കൊവിഡിന്റെ മാരകമായ യു.കെ വകഭേദവും, ദക്ഷിണാഫ്രിക്കന്‍ വകഭേദവും കേരളത്തില്‍ പലയിടത്തും കണ്ടെത്തി. യു.കെ വകഭേദം കണ്ടെത്തിയത് വടക്കന്‍ കേരളത്തിലാണ്. അതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സ്വകാര്യ വിദ്യാലയങ്ങളിലെ ക്ളാസുകള്‍ ഓണ്‍ലൈനായി മതി. രാത്രി 9 മുതല്‍ പുലര്‍ച്ചെ 5 മണി വരെയുളള നിയന്ത്രണം നിലവിലുണ്ട്. ഈ സമയം ഒരുവിധ ഒത്തുചേരലും പാടില്ല. അവശ്യ സര്‍വീസുകള്‍ക്ക് ഇളവുണ്ട്. നിയന്ത്രണങ്ങള്‍ തുടരേണ്ടി വരും. റെസ്‌റ്റോറന്റുകള്‍ 9 വരെ നടത്താം. എന്നാല്‍ 7.30ന് ശേഷം ടേക് എവെ സേവനമായിരിക്കണം. കഴിവതും ഹോം ഡെലിവറി സംവിധാനം പ്രോത്‌സാഹിപ്പിക്കണം. ജിമ്മുകള്‍, മാളുകള്‍, ബാറുകള്‍ എന്നിവയുടെ പ്രവര്‍ത്തനവും നിര്‍ത്തി. ഹോസ്‌റ്റലുകളിലും നിയന്ത്രണം വരും.
Post Your Comments