ജിദ്ദ: സൗദിയിൽ ഞായറാഴ്ച പുതിയ കൊറോണ വൈറസ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. പുതുതായി 953 പേർക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തപ്പോൾ രോഗമുക്തി ആയവരുടെ എണ്ണം 1028 റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,12,216ഉം ആകെ രോഗമുക്തരുടെ എണ്ണം 3,95,557ഉം ആയി ഉയർന്നു.
കോവിഡ് ചികിത്സയിലുണ്ടായിരുന്നവരിൽ 13 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,900 ആയി ഉയർന്നു. വിവിധ ആശുപത്രികളിലും മറ്റുമായി 9,759 പേർ കോവിഡ് ചികിത്സയിലുണ്ട്. ഇവരിൽ 1,246 പേരുടെ നില അതീവ ഗുരുതരമാണ്.
കോവിഡ് ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.68 ശതമാനവുമാണ്. ഏറ്റവും കൂടുതൽ രോഗികളുള്ള റിയാദ് പ്രവിശ്യയിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന പുതിയ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 382, മക്ക 212, കിഴക്കൻ പ്രവിശ്യ 152, അസീർ 38, മദീന 33, അൽ ഖസീം 33, ജീസാൻ 26, തബൂക്ക് 22, ഹാഇൽ 21, അൽ ജൗഫ് 10, വടക്കൻ അതിർത്തി മേഖല 9, നജ്റാൻ 9,അൽബാഹ 6.
Post Your Comments