ന്യൂഡൽഹി: കോവിഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് സഹായവുമായി സിംഗപ്പൂർ. ദ്രവീകൃത ഓക്‌സിജൻ സൂക്ഷിക്കാൻ സിംഗപ്പൂരിൽ നിന്നും കയറ്റി അയച്ച ക്രയോജെനിക് കണ്ടെയ്‌നറുകൾ ഇന്ത്യയിലെത്തി. വ്യോമസേന വിമാനത്തിലാണ് കണ്ടെയ്‌നറുകളെത്തിയത്.
ദ്രവീകൃത ഓക്‌സിജൻ സൂക്ഷിക്കാനുള്ള നാല് ക്രയോജെനിക് കണ്ടെയ്‌നറുകളാണ് സിംഗപ്പൂർ ഇന്ത്യയ്ക്ക് നൽകിയത്. കണ്ടെയ്‌നറുകൾ വഹിച്ചുള്ള വിമാനങ്ങൾ വൈകുന്നേരത്തോടെയാണ് ബംഗാളിലെ പനാഗഡ് വ്യോമതാവളത്തിൽ എത്തിയത്. ഇതോടെ വിവിധ സംസ്ഥാനങ്ങൾ നേരിടുന്ന ഓക്‌സിജൻ പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരമാകും.
ഓക്‌സിജൻ ലഭ്യതയ്ക്കായി ജർമ്മനിയിൽ നിന്നും 23 മൊബൈൽ ഓക്‌സിജൻ പ്ലാന്റുകൾ എത്തിക്കാനും തീരുമാനമായിട്ടുണ്ട്. ഓക്‌സിജൻ ലഭ്യതക്കുറവ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ റഷ്യയും ചൈനയും ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു. ഓസ്‌ട്രേലിയയും ഫ്രാൻസും ഇംഗ്ലണ്ടും കോവിഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ആവശ്യമുള്ള സഹായങ്ങൾ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
Post Your Comments