Latest NewsKeralaNattuvarthaNews

കോവിഡ് വ്യാപനം; ചികിത്സയിൽ മാതൃകയാകാൻ സംസ്ഥാനത്തെ സ്വകാര്യ ഹോസ്പിറ്റലുകൾ, തീരുമാനങ്ങൾ ഇങ്ങനെ

കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം സംസ്ഥാനത്ത് രൂക്ഷമാകുമ്പോൾ സർക്കാരിന് പരമാവധി സഹകരണം വാഗ്ദാനം ചെയ്ത് സ്വകാര്യ ആശുപത്രികൾ. സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി പരമാവധി ആശുപത്രികൾ സഹകരിക്കാമെന്ന് അസോസിയേഷൻ മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ഉറപ്പ് നൽകി. നിലവിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കുന്ന 407 സ്വകാര്യ ആശുപത്രികളിൽ 137 ആശുപത്രികൾ ആണ് സർക്കാർ നിശ്ചയിച്ച തുകയിൽ കൊവിഡ് ചികിത്സ നൽകുന്നത്. ബാക്കിയുള്ള ആശുപത്രികളും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കുറഞ്ഞത് 25 % കിടക്കകളെങ്കിലും കൊവിഡ് ചികിത്സയ്ക്കായി മാത്രം മാറ്റി വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാർക്ക് കൂടി ആശ്രയിക്കാൻ പറ്റുന്ന തരത്തിൽ നിരക്ക് ഏകീകരിക്കുകയോ കുറയ്ക്കുകയോ ചെയ്യാൻ മാനേജ്‌മെന്‍റുകള്‍ തയ്യാറാകണം. ആംബുലൻസ് സേവനം ഉറപ്പാക്കണം. ഏകോപനം ഉറപ്പിക്കാൻ 108 ആംബുലസ് സർവീസുമായി സഹകരിക്കണമെന്നും ചികിത്സ ഇനത്തിൽ ചെലവായ തുക 15 ദിവസത്തിനുള്ളിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി നൽകണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ ഭൂരിഭാഗം നിർദ്ദേശങ്ങളോടും അനുകൂല നിലപാടാണ് അസോസിയേഷൻ കൈക്കൊണ്ടത്.

അതേസമയം, കോവിഡ് രോഗികൾക്കായി കിടക്കകൾ , ചികിത്സ ഇവ ഒരുക്കാം എന്ന് സമ്മതിച്ച മാനേജ്മെന്‍റ് അസോസിയേഷൻ ചികിത്സകൾക്ക് ഒരേ നിരക്ക് ഈടാക്കാൻ ആകില്ലെന്നും, ഓരോ ആശുപത്രിയുടെയും നിലവാരം അനുസരിച്ചാകും ചികിത്സാ നിരക്ക് ഈടാക്കുക എന്നും വ്യക്തമാക്കി. അമിത തുക ഈടാക്കി എന്ന പരാതി ഉണ്ടായാൽ അത് പരിഹരിക്കാൻ ജില്ലാതല സമിതി രൂപീകരിക്കണമെന്നും, കളക്ടര്‍ , ഡിഎംഒ , ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷൻ ഭാരവാഹി എന്നിവർ അംഗങ്ങൾ ആയ സമിതി അത് പരിശോധിച്ച് നടപടി എടുക്കണമെന്നും ചർച്ചയിൽ അസോസിയേഷൻ അംഗങ്ങൾ ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button