കാസര്‍കോട്: കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ മംഗളൂരു നഗരം ഭാഗിക ലോക്ഡൗണിലേക്കെത്തിയതോടെ മലയാളി വിദ്യാര്‍ഥികള്‍ കേരളത്തിലേക്ക് മടങ്ങിത്തുടങ്ങി. സംസ്ഥാനാന്തര യാത്രക്ക് ഇപ്പോള്‍ തടസ്സമില്ല. ചില സര്‍വകലാശാല പരീക്ഷകള്‍ മാത്രമാണ് നടക്കുക. മംഗളൂരു സെന്‍ട്രല്‍ മാര്‍ക്കറ്റ്, മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളില്‍ കോവിഡ് ചട്ടം പാലിക്കാത്ത കടകള്‍ പൊലീസ് പരിശോധന നടത്തി അടപ്പിച്ചു.
മുന്‍കരുതലെന്ന നിലയില്‍ ചില വാണിജ്യ സമുച്ചയങ്ങളെയും അടപ്പിച്ചിട്ടുണ്ട്. കെ.എസ്.ആര്.ടി.സിയില്‍ ഒരുവിഭാഗം പണിമുടക്കിലായതിനാല്‍ ബസുകള്‍ കുറവാണെന്ന് കര്‍ണാടക ആര്.ടി.സി ജീവനക്കാര്‍ പറഞ്ഞു. ബസുകളില്‍ 50ശതമാനം പേരെ മാത്രമേ കയറ്റേണ്ടതുള്ളൂവെന്ന നിര്‍ദേശം നല്കിയിട്ടുള്ളതിനാല് നഗരത്തിലേക്ക് സാധാരണ ജനങ്ങളുടെ വരവ് നിലച്ചു. ഹോട്ടലുകളില്‍നിന്നും പാര്‍സല്‍ മാത്രമേ അനുവദിക്കുന്നുള്ളൂ.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍ മുന്നോട്ടുപോകുന്നുണ്ട്. ന്യായവില ഷോപ്പുകള്‍, പഴക്കടകള്‍, പച്ചക്കറി കടകള്‍, പാല് ഉല്പന്നങ്ങളുടെ കടകള്‍, മത്സ്യ-മാംസ കടകള്‍, ഇന്‍ഷുറന്‍സ് ഓഫിസുകള്‍, എ.ടി.എമ്മുകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. ക്ഷേത്രങ്ങളിലും പള്ളികളിലും ചര്‍ച്ചുകളിലും നിയന്ത്രണം ശക്തമാക്കി. മേയ് നാലുവരെ രാത്രികാല കര്‍ഫ്യൂ തുടരുമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. കര്‍ഫ്യൂ ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള അതിര്‍ത്തി ഉള്‍പ്പെടെ നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളിലുമായി 75 ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചു.
read also : നല്ല ഭൂരിപക്ഷത്തിൽ ഇ ശ്രീധരന് ജയിക്കും, കുമ്മനത്തിന്റെ ഭൂരിപക്ഷം 11,000 വരെ പോകാം; ആർഎസ്എസ് വിലയിരുത്തലുകൾ
എന്നാല്‍ യാത്രക്ക് തടസ്സമില്ല. യാത്രാരേഖകളും തിരിച്ചറിയല്‍ കാര്‍ഡുമുണ്ടായാല്‍ മതിയാകും. കര്‍ഫ്യുവിനെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതാണ്ട് എല്ലാം തന്നെ അടച്ചു. വിദ്യാര്‍ഥികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനു തടസ്സമില്ല. റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലും പൊലീസ് നിരീക്ഷണമുണ്ടെങ്കിലും യാത്രയെ തടസ്സപ്പെടുത്തുന്ന സമീപനമില്ല.
കാസര്‍കോട് ജില്ലയില്‍ ഇന്ന് 25 സര്‍വിസ് മാത്രമേ കെ.എസ്.ആര്.ടി.സി നടത്തുകയുള്ളൂ. മംഗളരുവിലേക്ക് സര്‍വിസ് നടത്തും. പുത്തൂര്‍, സുള്ള്യ, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍ റൂട്ടില്‍ സര്‍വിസുകളുണ്ടാകും. ഗ്രാമപ്രദേശങ്ങളിലേക്ക് സര്വിസുകളുണ്ടാകില്ല. കോവിഡ് പ്രതിരോധ നടപടി ശക്തമാക്കിയ ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് ഈ ഷെഡ്യൂളെന്നും കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്നും അറിയിച്ചു.
Post Your Comments