സംസ്ഥാന സർക്കാർ കൊവിഡ് വാക്സീൻ സ്വന്തമായി വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹമാണ്. കേന്ദ്ര സർക്കാർ ഇപ്പോൾ നൽകിവരുന്ന സൗജന്യ വാക്സിൻ സ്വീകരിച്ചവരാണ് സംസ്ഥാന സർക്കാരിന് സംഭാവന നൽകുന്നത്. രണ്ട് ദിവസത്തിനുള്ളിൽ ഒരു കോടിയോളം രൂപയാണ് ജനങ്ങൾ സംഭാവന ചെയ്തത്.
കേന്ദ്രത്തിൻ്റെ പുതിയ വാക്സിൻ നയത്തെ തുടർന്നാണ് സഖാക്കൾ മുന്നോട്ട് വെച്ച ചലഞ്ച് മറ്റുള്ളവരും ഏറ്റെടുത്തത്. സമീപകാലത്ത് കാര്യമായ സംഭാവനകൾ എത്താതെ ഉറങ്ങിക്കിടന്നിരുന്ന ദുരിതാശ്വസ നിധിയിലേക്കങ്ങനെ യാതൊരു ഔദ്യോഗിക അറിയിപ്പുമില്ലാതെ പണം ഒഴുകിത്തുടങ്ങി. അതേസമയം, കേരളത്തിന് കേന്ദ്രം മുഴുവൻ വാക്സിനും സൗജന്യമായി തന്നെ നൽകണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്.
പുതിയ വാക്സിൻ നയം അനുസരിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകി വരുന്ന വാക്സിൻ ഡോസുകൾ ഇനിയും തുടരും. കൂടുതൽ വാക്സിൻ ആവശ്യമുള്ളവർ പണം അടച്ച് സെറം ഇൻസ്റ്റിട്ട്യൂട്ടിൽ നിന്നും വാക്സിൻ വാങ്ങുക എന്നാണ് പുതിയ അറിയിപ്പ്. കേന്ദ്രം നൽകി വരുന്ന സൗജന്യ വാക്സിൻ വിതരണം ഇനിയും തുടരുമെന്നിരിക്കെ വ്യാജ പ്രചാരണം അഴിച്ച് വിട്ടിരിക്കുകയാണ് സൈബർ സഖാക്കളെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
കേരളത്തിൽ ഇന്നലെ വരെ 75 ലക്ഷത്തിലധികം പേർക്കുള്ള വാക്സിൻ ആണ് കേന്ദ്രസർക്കാർ സൗജന്യമായി നൽകിയത്. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൈന്യത്തിനും റെയിൽവേ അടക്കമുള്ള കേന്ദ്ര സർവ്വീസ്കാർക്കും കേന്ദ്രം കഴിഞ്ഞ മൂന്ന് മാസമായി വാക്സിൻ എത്തിക്കുന്നുണ്ട്. അതും സൗജന്യമായി തന്നെ. ഇന്നേവരെ ഒരു ആർ എസ് എസ്കാരനും ബിജെപി പ്രവർത്തകനും സംഭാവന ചലഞ്ച് നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുകയാണ് സോഷ്യൽ മീഡിയ.
Also Read:സംസ്ഥാനത്ത് ഇന്നും നാളെയും നിയന്ത്രണങ്ങൾ കർശനം; അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി
കേന്ദ്രം ചെയ്യുന്നത് ഔദാര്യമല്ല, തങ്ങളുടെ കടമയാണെന്ന് സ്വയം ബോധ്യം ഉള്ളതിനാൽ ഇന്നേവരെ വാക്സിൻ നൽകിയെന്ന് പറഞ്ഞ് കണക്ക് പറ്റി സ്വന്തം ജനതയുടെ ആത്മാഭിമാനം ചോദ്യം ചെയ്തിട്ടില്ലെന്ന് നേതാക്കൾ പറയുന്നു. 135 കോടി ജനങ്ങളുള്ള രാജ്യത്ത് എല്ലാവർക്കും വാക്സിൻ എത്തിക്കുക എന്നത് അതിബൃഹത്തായ പദ്ധതിയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ അത് എത്തിക്കാനാവില്ലെന്ന ബോധ്യമുള്ളതിനാലാണ് ആകെ വാക്സിൻ്റെ 50% പൊതുവിപണിയിൽ ആർക്കും വാങ്ങാവുന്ന തരത്തിൽ പുതിയ നയം സ്വീകരിച്ചത്. ഇതാകുമ്പോൾ സംസ്ഥാനങ്ങൾക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് വാക്സിൻ വാങ്ങാം. കേന്ദ്രം സൗജന്യമായി നൽകുന്ന വാക്സിൻ കൂടാതെ സ്വന്തമായി വാക്സിൻ വാങ്ങാമെന്നാണ് പുതിയ നയം വ്യക്തമാക്കുന്നത്.
തങ്ങൾ നൽകുന്ന വാക്സിൻ നിലവിലേത് പോലെ തന്നെ സൗജന്യമായ് തന്നെ ഇനിയും വിതരണം ചെയ്യും. അത് പോരെന്ന് തോന്നുന്നവർക്ക് പണം കൊടുത്ത് വാങ്ങാമെന്നാണ് കേന്ദ്രം അറിയിച്ചത്. ഇതു കണക്കിലെടുത്താണ് കർണാടക, ഉത്തർപ്രദേശ്, ആസാo തുടങ്ങിയ സംസ്ഥാനങ്ങൾ വാക്സിനായി ഓർഡർ നൽകിയത്. പണം മുടക്കി വാങ്ങുന്ന വാക്സിൻ തങ്ങളുടെ ജനങ്ങൾക്ക് പ്രായഭേദമന്യേ സൗജന്യമായി നൽകുമെന്ന് ഈ സംസ്ഥാനങ്ങൾ അറിയിക്കുകയും ചെയ്തു. ഇവരാരും കേന്ദ്രത്തിനെ കുറ്റപ്പെടുത്തി ഒരുവാക്ക് പോലും പറഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണെന്ന് സോഷ്യൽ മീഡിയ ഓർമിപ്പിക്കുന്നു.
കേരളം ഇതുവരെ വാക്സിനുവേണ്ടി ഓർഡർ ചെയ്തില്ല. കേന്ദ്രം സൗജന്യമായി നൽകിയ വാക്സിൻ സ്വീകരിച്ചവരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിരിക്കുന്നത്. സൗജന്യമായി നൽകുന്നവർക്കാണ് പണം നൽകുന്നതെങ്കിൽ ഈ തുക നൽകേണ്ടത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അല്ലേയെന്ന സംശയമാണ് നിഷ്പക്ഷരായ ജനങ്ങൾ ചോദിക്കുന്നത്.
Post Your Comments