
ഗാന്ധിനഗര്‍: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിവേഗതയില്‍ വ്യാപിച്ചതോടെ പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ ലഭ്യതയില്‍ കുറവു വന്നു. ഇതോടെ ഓക്സിജന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് കസ്റ്റംസ് തീരുവയും ഹെല്‍ത്ത് സെസും ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിനിടെ, ഓക്സിജന്‍ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരമാനമെടുത്തത്. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഓക്സിജന്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്. ഓക്സിജനുമായി ബന്ധപ്പെട്ട ഉപകരണത്തിനും ഇളവുണ്ട്. മൂന്നുമാസത്തേക്കായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.
Read Also : ഓക്സിജൻ ക്ഷാമത്തിന് പുതിയ പരിഹാരം; ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൈകോർത്ത് ടാറ്റ
അതേസമയം, വാക്സിന്റെ കാര്യത്തിലും കസ്റ്റംസ് നികുതി ഒഴിവാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായി. ആശുപത്രികള്‍ക്കൊപ്പം വീടുകളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്കും ഓക്സിജന്‍ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചു. കോവിഡിനെതിരെ സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, പീയുഷ് ഗോയല്‍ തുടങ്ങിയവര്‍ യോഗത്തിനെത്തി.
ഓക്സിജന്‍ നീക്കം വേഗത്തിലാക്കാന്‍ റെയില്‍വേയുടെയും വ്യോമസേനയുടെയും സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിമാരുമായി ഇന്നലെ നടത്തിയ യോഗത്തില്‍ പ്രധാനമന്ത്രി അറിയിച്ചിരുന്നു.
Post Your Comments