ജയ്പൂര്‍: 35 വര്‍ഷത്തിനുശേഷം കുടുംബത്തില്‍ ജനിച്ച ആദ്യത്തെ പെണ്‍കുഞ്ഞിന് രാജകീയ സ്വീകരണം. രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലെ നിംബി ചന്ദാവതയിലാണ് സംഭവം. ആശുപത്രിയില്‍ നിന്നും കുഞ്ഞിനെ ഹെലികോപ്റ്ററിലാണ് വീട്ടിലെത്തിച്ചത്. ബാന്‍ഡ് മേളങ്ങളും വീട്ടിലെ വഴിയിലുട നീളം റോസാപ്പൂക്കള്‍ വിതറുകയും ചെയ്തിരുന്നു.
ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നതിനും ആഘോഷം ഗംഭീരമാക്കുന്നതിനുമായി അഞ്ച് ലക്ഷത്തിനടുത്ത് രൂപയാണ് കുഞ്ഞിന്റെ പിതാവ് ചെലവഴിച്ചത്. രാമനവമി ദിവസത്തിലാണ് കുഞ്ഞിനെ കൊണ്ടുവന്നത്. പെണ്‍കുഞ്ഞിനെ കാണുന്നതിനും ഹെലികോപ്റ്റര്‍ കാണുന്നതിനുമായി ധാരാളം ആളുകള്‍ എത്തിച്ചേര്‍ന്നിരുന്നു.
പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ മദന്‍ ലാല്‍ കുംഹാറാണ് പെണ്‍കുട്ടിയെ ഹെലികോപ്റ്ററില്‍ വീട്ടിലെത്തിക്കാന്‍ തീരുമാനിച്ചത്. ഇതിനായി ജില്ലാ കളക്ടറുടെ അനുമതി വാങ്ങുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ ഹനുമാന്‍ റാം പ്രജാപത് ആണ് മകളെ എടുത്ത് ഹെലികോപ്റ്ററില്‍ കയറിയത്. പെണ്‍കുട്ടികളുടെ ജനനം ഒരു ഉത്സവം പോലെ ആഘോഷിക്കണമെന്ന സന്ദേശമാണ് താനിതിലൂടെ നല്‍കുന്നതെന്ന് റാം പ്രജാപത് പറഞ്ഞു.
Post Your Comments