അടിക്കടിയുണ്ടാകുന്ന വില വ്യത്യാസം ഇല്ലാതെ രാജ്യത്ത് പെട്രോൾ, ഡീസൽ വില തുടർച്ചയായ ഏഴാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. ഈ മാസം 15നായിരുന്നു അവസാനമായി ഇന്ധന വിലയിൽ മാറ്റമുണ്ടായത്. പെട്രോളിന് 16 പൈസയും ഡീസലിന് 14 പൈസയുമാണ് അന്ന് കുറച്ചത്. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 90.40 രൂപയും ഡീസലിന് 80.73 രൂപയുമാണ്.
വിവിധ നഗരങ്ങളിലെ ഇന്ധന വില കേന്ദ്ര സംസ്ഥാന നികുതികളും ചരക്കുകൂലികളും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. വിദേശ വിനിമയ നിരക്കുകളും, രാജ്യാന്തര എണ്ണ വിലയും കണക്കാക്കി ഓരോ ദിവസവും എണ്ണ കമ്പനികൾ പെട്രോൾ, ഡീസൽ വില പുതുക്കി നിശ്ചയിക്കുകയാണ് ചെയ്യുന്നത്.
പെട്രോളിന്റെ വിലയുടെ 60 ശതമാനവും ഡീസലിന്റെ വിലയുടെ 54 ശതമാനവും കേന്ദ്ര സംസ്ഥാന നികുതികളാണ്. അതേസമയം, അസംസ്കൃത എണ്ണയ്ക്ക് രാജ്യാന്തര വിപണിയിൽ തുടർച്ചയായ മൂന്നാം ദിവസവും വില കുറഞ്ഞു. ഇന്ത്യയിലെയും ജപ്പാനിലെയും കോവിഡ് കണക്കുകൾ ഉയർന്നതാണ് ഡിമാന്റ് കുറച്ചതിന് കാരണം. ബാരലിന് 64.75 ഡോളറാണ് അസംസ്കൃത എണ്ണയ്ക്ക് വില.
Post Your Comments