കൊൽക്കത്ത: കോവിഡ് പരിശോധന ഫലം മിനിട്ടുകൾക്കുള്ളിൽ ലഭിക്കാനുള്ള അത്യാധുനിക സാങ്കേതിക വിദ്യയുമായി ഐ.ഐ.ടി ഖരക്പൂർ. ‘കൊവിറാപ്’ എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. പരിശോധന ഫലം ലഭിക്കാനുള്ള കാലതമാസം ഒഴിവാക്കുകയാണ് കൊവിറാപ്പിന്റെ ലക്ഷ്യം.
ഐ.ഐ.ടിയിലെ ഗവേഷകരായ പ്രൊഫ. സുമൻ ചക്രബർത്തി, ഡോ. ആരിന്ധം മൊണ്ടാൾ എന്നിവർ നേതൃത്വം നൽകുന്ന ഗവേഷണ വിഭാഗമാണ് ഈ വിദ്യ കണ്ടെത്തിയത്. ഇന്ത്യയിലെ റാപ്പിഡ് ഡയഗ്നോസ്റ്റിക് ഗ്രൂപ്പ്, അമേരിക്കയിലെ ബ്രമേർട്ടൺ ഹോൾഡിംഗ്‌സ് എന്നിവർക്ക് കൊവിറാപ് വിപണിയിലെത്തിക്കാൻ അനുമതി ലഭിച്ചു കഴിഞ്ഞു.
പല ഘട്ടങ്ങളായുളള ഐസോതെർമൽ ന്യൂക്ലിക് ആസിഡ് പരിശോധനാ സാങ്കേതിക വിദ്യയാണ് കൊവിറാപിൽ ഉപയോഗിക്കുന്നത്. മൂക്കിൽ നിന്നും വായിൽ നിന്നും സ്വീകരിക്കുന്ന സാമ്പിളുകൾ ഒരു പ്രത്യേക ലായനിയിൽ ചേർത്ത് ഉടൻ തന്നെ ഫലം ലഭിക്കുന്നതാണ് കൊവിറാപ്പിന്റെ രീതി. കോവിഡ് പരിശോധനയ്ക്ക് പുറമേ ക്ഷയരോഗം കണ്ടെത്താനും ഈ ഉപകരണം ഉപയോഗിക്കാൻ കഴിയുമെന്നാണ് ഐ.ഐ.ടി അധികൃതരും റാപ്പിഡ് ഡയഗനോസ്റ്റിക് ഗ്രൂപ്പും അവകാശപ്പെടുന്നത്.
Post Your Comments