രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോവിഡ് മൂലം മരിച്ച പിതാവിന്റെ മൃതദേഹം പ്രോട്ടോക്കോള്‍ പ്രകാരമല്ലാതെ ചുമലില്‍ താങ്ങി കൊണ്ടുപോകേണ്ടിവന്ന അലിഗഢില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ അവസ്ഥ എന്ന തരത്തില്‍ ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
മൃതദേഹം ചുമന്നു നില്‍ക്കുന്ന പെണ്‍കുട്ടികള്‍ വാവിട്ട് കരയുന്നത് കാണാം.
ചിത്രത്തോടൊപ്പമുള്ള അടിക്കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെ:
‘ഹൃദയഭേദകം ഈ കാഴ്ച അലിഗറിനടുത്ത് കോവിഡ് പിടിച്ചു മരിച്ചെന്നു സംശയിക്കുന്ന സഞ്ജയ് കുമാറിന്റെ മൃതദേഹം നാല് പെണ്‍ മക്കള്‍ തോളിലേറ്റി വരുന്നു. മറ്റാരും അടുക്കാന്‍ തയ്യാറായില്ല. WHO Protocal അനുസരിച്ച് ജഡം രണ്ടു മൂന്നു ലെയറുകളുള്ള പ്ലാസ്റ്റിക് കവചം കൊണ്ട് ചുറ്റി കെട്ടി, പ്രത്യേകം പരിശീലനമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ ചുടണം. അതല്ലെങ്കില്‍ പത്തടി ആഴത്തില്‍ കുഴിയില്‍ അടക്കം ചെയ്യണം. ‘
എന്നാല്‍ പ്രചരിക്കുന്ന പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആന്റി ഫേക്ക് ന്യൂസ് വാര്‍ റൂം (AFWA) കണ്ടെത്തി. ചിത്രം 2020 ഏപ്രിലില്‍ നിന്നുള്ളതാണ്. മാത്രമല്ല, ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടികളുടെ പിതാവ് മരിച്ചത് ക്ഷയരോഗം ബാധിച്ചാണ്, കോവിഡ് മൂലമല്ല.
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ചിത്രത്തെക്കുറിച്ച് ഗൂഗിളില്‍ തിരച്ചില്‍ നടത്തിയപ്പോള്‍ ഇതേ ചിത്രം ഏപ്രില്‍ 2020-ല്‍ പ്രസിദ്ധീകരിച്ച നിരവധി മാധ്യമ റിപ്പോര്‍ട്ടുകളില്‍ കണ്ടെത്താന്‍ സാധിച്ചു.
ഈ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടികളുടെ പിതാവ് സഞ്ജയ് കുമാര്‍ മരണപ്പെട്ടത് ക്ഷയരോഗത്തെ തുടര്‍ന്നാണ്. അദ്ദേഹം കോവിഡ് ബാധിതനായിരുന്നു എന്ന് ഒരു റിപ്പോര്‍ട്ടും പരാമര്‍ശിച്ചിട്ടില്ല.
എന്നാല്‍ ഏപ്രില്‍ 2020-ല്‍ രാജ്യത്ത് കോവിഡ് മൂലമുള്ള ലോക്ക്ഡൗണ്‍ ആയിരുന്നതിനാല്‍ ദരിദ്ര കുടുംബത്തില്‍ നിന്നുള്ള ഇവര്‍ക്ക് മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സോ മറ്റ് വാഹനങ്ങളോ ലഭിച്ചില്ല.
ഇതേത്തുടര്‍ന്ന് പിതാവിന്റെ മൃതദേഹം പെണ്‍കുട്ടികള്‍ തന്നെ ചുമലിലേറ്റി അടക്കാനായി കൊണ്ടു പോവുകയായിരുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് 2020-ല്‍ സഞ്ജയ് കുമാറിന്റെ കുടുംബവുമായി നടത്തിയ അഭിമുഖം താഴെക്കാണാം. ഇതില്‍ ക്ഷയരോഗം മൂര്‍ച്ഛിച്ചാണ് സഞ്ജയ് കുമാര്‍ മരണപ്പെട്ടതെന്ന് കുടുംബം വ്യക്തമാക്കുന്നുണ്ട്. അതേസമയം ഓക്സിജനുമായി വഴിയിൽ ഇരിക്കുന്ന വൃദ്ധയെയും കോവിഡ് രോഗിയായി ചിത്രീകരിച്ചിരുന്നു. ഇതും പഴയ ഫോട്ടോ ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ നിരവധി ഫേക്ക് പോസ്റ്റുകൾ കാണാം:
Post Your Comments