ഹോങ്കോംഗ്: ഫോൺ തട്ടിപ്പിന് ഇരയായ വയോധികയ്ക്ക് 240 കോടി നഷ്ടമായെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഹോങ്കോംഗ് സിറ്റിയിൽ നിന്നും പുറത്തുവരുന്നത്. 3.2 കോടി ഡോളറാണ് വയോധികയ്ക്ക് നഷ്ടമായത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫോൺ തട്ടിപ്പുകളിൽ ഒന്നായാണ് ഹോങ്കോംഗിലെ സംഭവം വിലയിരുത്തപ്പെടുന്നത്.
തനിച്ച് താമസിക്കുന്ന വൃദ്ധയെ ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക ഉദ്യോഗസ്ഥർ എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പിനിരയാക്കിയത്. ചൈനയിലെ ഒരു പ്രധാന ക്രിമിനൽ കേസിൽ കുറ്റവാളികൾ വൃദ്ധയുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന് പറഞ്ഞാണ് പ്രതികൾ പണം തട്ടിയത്. കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കാനും അവർ ആവശ്യപ്പെട്ടു. ഇതെല്ലാം ഫോൺ വഴിയായിരുന്നു സംസാരിച്ചത്.
വൈകാതെ തന്നെ കുറ്റവാളികളിൽ ഒരാൾ വൃദ്ധയുടെ വീട്ടിലെത്തി ഒരു ഫോണും സിം കാർഡും നൽകി. ഈ ഫോണും സിമ്മും ഉപയോഗിച്ചാണ് പിന്നീട് തട്ടിപ്പ് നടന്നത്. 11 തവണയായാണ് ഇടപാടുകൾ നടന്നതെന്ന് പോലീസ് കണ്ടെത്തി. 5 മാസം സമയമെടുത്താണ് 240 കോടി രൂപ പ്രതികൾ തട്ടിയെടുത്തത്. വൃദ്ധയുടെ വീട്ടിലെ സഹായിയാണ് സംശയാസ്പദമായ ഈ നീക്കം കണ്ടെത്തിയത്. ഇക്കാര്യം വൃദ്ധയുടെ മകളെ അറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് തട്ടിപ്പിന് നേതൃത്വം നൽകിയ 19കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments