കൊല്‍ക്കത്ത: നിങ്ങള്‍ക്ക് സ്വര്‍ഗം കിട്ടണമെങ്കില്‍ ഞാന്‍ പറയുന്നുപോലെ ഇടതുപക്ഷവും കോണ്‍ഗ്രസുമായി ചേര്‍ന്ന് താനുണ്ടാക്കിയ മഹാസഖ്യത്തിന് വോട്ടു ചെയ്യണമെന്ന് അബ്ബാസ് സിദ്ദീഖി. വിവാദ പ്രസ്താവനകളിലൂടെ എന്നും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഫുര്‍ഫുറ ശരീഫിലെ ചെറുപ്പക്കാരനായ പീര്‍സാദ അബ്ബാസ് സിദ്ദീഖിയെ ഇടതുപക്ഷവും കോണ്‍ഗ്രസും ചേര്‍ന്നുണ്ടാക്കിയ മഹാസഖ്യത്തിന്റെ മുസ്ലിം മുഖമാക്കിയതോടെ ബംഗാളിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ കേള്‍ക്കുന്ന തെരഞ്ഞെടുപ്പ് പ്രസംഗങ്ങളാണിത്.
ഫുര്‍ഫുറ ശരീഫിന്റെ ആത്മീയ നേതാവായ തന്നെ ധിക്കരിച്ചാല്‍ ദൈവകോപമുണ്ടാകുമെന്ന് ഓര്‍മപ്പെടുത്തുന്ന അത്യാവേശത്തോടെയുള്ള പ്രസംഗത്തിനൊടുവില്‍ വേദിയിലിരിക്കുന്ന സി.പി.എം, കോണ്‍ഗ്രസ്, ഐ.എസ്.എഫ് സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തുന്നതോടെ അബ്ബാസ് സിദ്ദീഖിയുടെ പ്രചാരണം പൂര്‍ത്തിയായി. നോര്‍ത്ത് 24 പര്‍ഗാനയിലെ ഹാര്വയില് മുന്‍ തൃണമൂല്‍ എം.പി ഹാജി നൂറുല്‍ ഇസ്ലാമിന്റെ തെരഞ്ഞെടുപ്പ് റാലിയിലേക്ക് ചെന്നപ്പോള്‍ സ്വര്‍ഗം കിട്ടാന്‍ വോട്ടു ചോദിക്കുന്ന അബ്ബാസ് സിദ്ദീഖിക്കുള്ള മറുപടിയാണ്. ഇതെന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ നാട്ടുകാര്‍ അബ്ബാസിന്റെ പ്രസംഗ വിഡിയോ കാണിച്ചു.
ബി.ജെ.പി ഭരണത്തിലെത്തിയാലും വേണ്ടില്ല, മമത ബാനര്‍ജിക്ക് ഉറച്ച മുസ്ലിം വോട്ട് പിളര്‍ത്തിയാല്‍ തൃണമൂലിനെ ബംഗാളില്‍ ഇല്ലാതാക്കാമെന്ന ബോധ്യത്തിലാണ് സി.പി.എം കോണ്‍ഗ്രസ് നേതാക്കള്‍ അസദുദ്ദീന്‍ ഉവൈസിയുമായും അംബേദ്കറൈറ്റുകളുമായും സഖ്യത്തിനൊരുങ്ങിയ അബ്ബാസ് സിദ്ദീഖിയെ തങ്ങളുടെ സഖ്യത്തിലേക്ക് പിടിച്ചുകൊണ്ടുവന്നത് എന്നാണ് റിപോർട്ടുകൾ. സി.പി.എം നേതാവ് ബിമന്‍ ബോസിന്റെതായിരുന്നു തന്ത്രം. തൂക്കുസഭ വന്നാല്‍ മഹാസഖ്യം നിര്‍ണായക ശക്തിയാകുമെന്നും അബ്ബാസ് സിദ്ദീഖിയെ ഉപമുഖ്യമന്ത്രിയാക്കുമെന്നും വരെ ബിമന്‍ ബോസ് വിശ്വസിപ്പിച്ചുവെന്നാണ് ബംഗാളിലെ വര്‍ത്തമാനം.
ഏതായാലും മുമ്പ് നടത്തിയ വിവാദ പ്രസ്താവനകളിലൂടെ കൊല്‍ക്കത്തയിലെ പുരോഗമനവാദികളുടെ എതിര്പ്പേറ്റുവാങ്ങിയ ‘യുവ പീര്‍സാദ’ ബി.ജെ.പിയിലേക്ക് പോകാതെ അവശേഷിച്ച സി.പി.എമ്മിന്റെ ഹിന്ദു വോട്ട് നഷ്ടപ്പെടുത്തുമെന്ന സാഹചര്യമായിട്ടുണ്ട്. സി.പി.എമ്മില്‍നിന്നും ബി.ജെ.പിയിലേക്ക് പോയ നേതാക്കള്‍ ഇപ്പോള്‍ അബ്ബാസ് സിദ്ദീഖിയെ കാണിച്ചാണ് പഴയ സഖാക്കളുടെ വോട്ട് ചോദിക്കുന്നത്. അതേസമയം ”മുസ്ലിംകളോട് ദ്രോഹം ചെയ്ത സി.പി.എമ്മിന് വോട്ടുചോദിക്കേണ്ട ഗതികേടിലാണ് അബ്ബാസ് സിദ്ദീഖിയെന്നും റമദാനിലാണ് വോട്ട് ചെയ്യുന്നതെന്ന് ഓര്മ വേണം” എന്നും തൃണമൂലിന്റെ പ്രതികരണം.
അതേസമയം, കൊല്‍ക്കത്ത മേയറെ കാഫിറെന്നു വിളിച്ചതിനെയും ഇഫ്താറിന് പോയ മമത ഹിജാബ് ധരിച്ചതിനെയും വിമര്‍ശിച്ചതിനെ തള്ളിപ്പറയാതെ ന്യായീകരിക്കുകയാണ് സിദ്ദീഖി. നമസ്കരിക്കാന്‍ പോകുന്നവര്‍ ഹിജാബ് തലയിലിട്ടാല്‍ മതിയെന്നും അല്ലാതെ ഇഫ്താറിന് വരുന്നവര്‍ തല മറക്കേണ്ടതില്ലെന്നും മുസ്ലിം വോട്ടര്‍മാരെ പിടിക്കാനാണ് അങ്ങനെ ചെയ്യുന്നതെന്നും അബ്ബാസ് സിദ്ദീഖി പറഞ്ഞു. ബശീര്ഹട്ടിലെ തൃണമൂല്‍ എം.പി നുസ്റത്ത് ജഹാന് നൃത്തം ചെയ്തതിന് അവരെ മരത്തില്‍ കെട്ടിയിട്ട് അടിക്കണമെന്ന പ്രസ്താവന നടത്തിയത് മുസ്ലിംകളുടെ പൗരത്വ നിയമ ഭീഷണിയില്‍ കഴിയുന്ന സമയമായതു കൊണ്ടാണെന്നായിരുന്നു ന്യായീകരണം.
മമത ബാനര്‍ജിയാണ് ബംഗാളില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതെന്നും ഇടതുപക്ഷവും കോണ്‍ഗ്രസുമായി ചേര്‍ന്ന് താന്‍ മഹാസഖ്യമുണ്ടാക്കിയതുകൊണ്ട് ധ്രുവീകരണത്തില്‍ കുറവ് വന്നുവെന്നും അബ്ബാസ് സിദ്ദീഖി അവകാശപ്പെട്ടു. ബംഗാളില്‍ ബി.ജെ.പിയെ കൊണ്ടുവന്നത് മമത ബാനര്‍ജിയാണെന്നും മുഹര്റവും ദുര്‍ഗാപൂജയും ഒരുമിച്ചു വന്നാല്‍ പ്രശ്നമാകുന്നത് മമത വന്നപ്പോഴാണെന്നും അബ്ബാസ് സിദ്ദീഖി ആരോപിക്കുന്നുണ്ട്.
Post Your Comments