തിരുവനന്തപുരം: കേരളം ആവശ്യപ്പെട്ട ഡോസ് കൊവിഡ് വാക്സിന്‍ കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ ആവശ്യപ്പെട്ടു. 50 ലക്ഷം ഡോസ് ആവശ്യപ്പെട്ടതില്‍ അഞ്ചര ലക്ഷം മാത്രമാണ് ഇതുവരെ നല്‍കിയത്. വാക്സിന്‍ കിട്ടാത്തതുമൂലം കേരളം കടുത്ത പ്രയാസം നേരിടുകയാണ്. സംസ്ഥാനം സ്വന്തം നിലയ്ക്ക് വാക്സീന്‍ വാങ്ങണമെന്ന നിലപാട് കനത്ത സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘വാക്സിന്‍ ക്ഷാമം രൂക്ഷമായിട്ടും കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കൊവിഡ് പടര്‍ന്ന് പിടിക്കുമ്പോഴും കൊള്ളയ്ക്ക് അവസരം തേടുകയാണ് കേന്ദ്ര സര്‍ക്കാര്‍. വാക്സിന്‍ നയം മാറ്റം ഇതിന് തെളിവാണ്. വാക്സിന്‍ കയറ്റുമതിയിലൂടെ ലാഭം നേടാനാണ് ശ്രമം. വാക്സിന്‍ ഉത്പ്പാദനത്തിന്റെ അമ്പത് ശതമാനം കൈവശമാക്കി കയറ്റുമതി ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.
ഡോസിന് 150 രൂപയ്ക്ക് കേന്ദ്രത്തിന് തുടര്‍ന്നും വാക്സിന്‍ കിട്ടും. അത് കയറ്റുമതി ചെയ്യും. കമ്പനികള്‍ നിശ്ചയിക്കുന്ന കൂടിയ വിലയ്ക്ക് സംസ്ഥാനങ്ങള്‍ വാക്സിന്‍ വാങ്ങണമെന്നത് ക്രൂരതയാണ്. കൊവിഡ് പ്രതിരോധത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തവും സാമ്പത്തിക ബാധ്യതയും സംസ്ഥാനങ്ങളുടെ ചുമലില്‍ കയറ്റിവച്ച് കൈകഴുകാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം’ എന്നും വിജയരാഘവന്‍ ആരോപിച്ചു.
Post Your Comments