സിഡ്നിയിലെ ദമ്പതികൾ സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയ ചീര പായ്ക്കറ്റിൽ കൊടും വിഷമുള്ള പാമ്പ്. അലക്സാണ്ടർ വൈറ്റും ഭാര്യ അമേലി നീറ്റും തിങ്കളാഴ്ച സിഡ്നിയിലെ അൽഡി സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയ ചീര പായ്ക്കറ്റിനുള്ളിലാണ് പാമ്പിൻ കുഞ്ഞിനെ കണ്ടെത്തിയത്. വിഷമുള്ള അപൂർവ്വയിനം പാമ്പാണിത്. പാമ്പിൻ കുഞ്ഞ് പായ്ക്കറ്റിനുള്ളിൽ ഇഴഞ്ഞ് പോവുകയും ഇടയ്ക്കിടെ ചെറിയ നാവ് നീട്ടുകയും ചെയ്യുന്നുണ്ടായിരുന്നുവെന്ന് ദമ്പതികൾ പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
ഏകദേശം 20 സെന്റിമീറ്റർ നീളമുള്ള പാമ്പിൻ കുഞ്ഞ് സൂപ്പർമാർക്കറ്റിലെ ശീതീകരിച്ച ചീര പായ്ക്കറ്റിനുള്ളിൽ സുഖനിദ്രയിലായിരുന്നു. ചീര വാങ്ങി പാമ്പിൻ കുഞ്ഞുമായി 10 മിനിറ്റ് നേരം സൈക്കിളിൽ യാത്ര ചെയ്താണ് വൈറ്റ് വീട്ടിലെത്തിയത്. വീട്ടിലെത്തി വാങ്ങിയ സാധനങ്ങളുടെ പായ്ക്കറ്റ് അഴിക്കുന്നതിനിടെയാണ് പാമ്പ് തല ഉയർത്തിയത്. ദമ്പതികൾ സഹായത്തിനായി വന്യജീവി രക്ഷാ സംഘടനയായ WIRESനെ (വൈൽഡ്ലൈഫ് ഇൻഫർമേഷൻ, റെസ്ക്യൂ, എഡ്യൂക്കേഷൻ സർവീസ്) വിവരം അറിയിച്ചു.
ഈസ്റ്റേണ്‍ ബ്രൗണ്‍ എന്നയിനം ഏറ്റവും വിഷമുള്ള പാമ്പായിരുന്നു ഇത്. ഓസ്ട്രേലിയയിലെ ഏറ്റവും വിഷമുള്ളതും ആക്രമണകാരികളുമായ പാമ്പാണ് ഈസ്റ്റേണ്‍ ബ്രൗണ്‍. ഓസ്ട്രേലിയൻ മ്യൂസിയത്തിൽ നിന്നുള്ള വിവരം അനുസരിച്ച് ഇവയുടെ കടിയേറ്റാൽ കടുത്ത തലവേദന, കാഴ്ച മങ്ങൽ, അസാധാരണമായ രക്തസ്രാവം എന്നിവയുണ്ടാകും. പാമ്പിനെ വന്യജീവി ഉദ്യോഗസ്ഥർ ഏറ്റെടുത്ത് കാട്ടിലേക്ക് തിരിച്ചയച്ചു. അതേസമയം, പ്ലാസ്റ്റിക് ബാഗിൽ പാമ്പ് എങ്ങനെ എത്തിപ്പെട്ടുവെന്ന് അറിയാൻ സൂപ്പർമാർക്കറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments