തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ കുത്തിവയ്‌പ്പിനായി ജില്ലയിലെ വിവിധ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഇന്നലെ അനുഭവപ്പെട്ടത് വന്‍ തിരക്ക്. കൃത്യമായ ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളുമില്ലാതെയാണ് സര്‍ക്കാര്‍ ആശുപത്രികളിലും വിവിധ കേന്ദ്രങ്ങളിലും കുത്തിവയ്‌പ്പ് നടക്കുന്നത്. വാക്‌സിന്‍ വിതരണത്തില്‍ ഉണ്ടാകുന്ന അനാസ്ഥയില്‍ പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ എതിര്‍പ്പാണ് ഉയരുന്നത്. പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയില്‍ ഇന്നലെ വെളുപ്പിന് ആറ് മണി മുതല്‍ തന്നെ വാക്‌സിനേഷനായുളള ക്യൂ ആരംഭിച്ചു.
ഒമ്പത് മണി മുതലാണ് വാക്‌സിന്‍ വിതരണമെങ്കിലും നേരത്തെ ടോക്കണ്‍ സ്വന്തമാക്കാനും കൂട്ടയിടി ഒഴിവാക്കാനും അതിരാവിലെ എത്തിയേ തീരൂ. വെളുപ്പിനെത്തി ക്യൂ നിന്നവരില്‍ ഭൂരിപക്ഷവും അറുപത് വയസിന് മുകളില്‍ പ്രായമുളള ശാരീരിക അസ്വാസ്ഥ്യമുളളവരാണ്. ഇവരില്‍ പലര്‍ക്കും ഓണ്‍ലൈന്‍ ബുക്കിംഗ് എന്താണെന്ന് പോലും അറിയില്ല.ക്യൂവിലെ ആദ്യത്തെ പത്തിനുളളില്‍ വരുന്നവര്‍ക്ക് തന്നെ ലഭിച്ച ടോക്കണ്‍ നമ്പര്‍ തൊണ്ണൂറിന് മുകളിലാണ്. ഇക്കാര്യം ആശുപത്രി ജീവനക്കാരോട് ചൂണ്ടിക്കാണിച്ചപ്പോള്‍ പരുഷമായ ഭാഷയിലാണ് അവര്‍ തിരിച്ച് പെരുമാറിയത്.
ഒരു ദിവസം നൂറ്റിയമ്പത് പേര്‍ക്കാണ് ടോക്കണ്‍ കൊടുക്കുന്നതെന്ന് പറയുന്നതെങ്കിലും വിതരണം കഴിഞ്ഞിട്ടും ഇക്കാര്യം ക്യൂവില്‍ നിന്നവരോട് അധികൃതര്‍ പറഞ്ഞില്ല. ഇതൊന്നും അറിയാതെ ഉച്ചയ്‌ക്ക് ഒരു മണിവരെയൊക്കെയാണ് പലരും ക്യൂ നിന്നത്. ആശുപത്രി ജീവനക്കാര്‍ അവരുടെ സ്വന്തക്കാര്‍ക്കും അടുപ്പമുളളവര്‍ക്കുമൊക്കെ ടോക്കണ്‍ മാറ്റി വയ്‌ക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. പിന്‍വാതിലില്‍ കൂടി പലരും വാക്‌സിനെടുത്ത് പോയത് നിസഹായതയോടെ മാത്രമേ പൊരിവെയിലത്ത് നിന്നവര്‍ക്ക് നോക്കി നില്‍ക്കാന്‍ സാധിച്ചുളളൂ എന്നും ആരോപണമുണ്ട്.
ഇന്നലെ എത്ര ഡോസ് കൊവിഡ് വാക്‌സിനാണ് വിതരണം ചെയ്‌തത് എന്ന കാര്യം ജില്ലയില്‍ ഇതുവരെ ക്രോഡീകരിച്ചിട്ടില്ല. കൊവിഡ് വാകിസിന്‍ ഉണ്ടോ ഇല്ലയോ എന്നറിയാതെ വാക്‌സിന്‍ ലഭിക്കുമെന്ന പ്രതീക്ഷയുമായി ദിവസവും രാവിലെ കുത്തിവയ്‌പ്പ് കേന്ദ്രങ്ങളിലേക്ക് ജനം ഒഴുകുകയാണ്. പലയിടത്തും വാക്‌സിന്‍ ലഭ്യമല്ലെന്നും ഉളളിടത്ത് തന്നെ പരിമിതമാണെന്നും ആളുകള്‍ അറിയുന്നത് അവിടെ എത്തിയ ശേഷമാണ്.
ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്‌തവര്‍ക്ക് മൊബൈലില്‍ മെസേജ് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെത്തിയാല്‍ വാക്‌സിന്‍ ലഭിക്കുന്നില്ലയെന്ന പരാതി വ്യാപകമാണ്. ഓണ്‍ലൈന്‍ രജിസ്‌റ്റര്‍ ചെയ്‌തവര്‍ക്ക് നല്‍കാതെ മറ്റുളളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് ഇന്നലെ തിരുവനന്തപുരം ജില്ലാ ആശുപത്രിയില്‍ ഉള്‍പ്പടെ തര്‍ക്കവും പ്രതിഷേധവും ഉണ്ടായി.
Post Your Comments