ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ രാജ്യതലസ്‌ഥാനത്തുനിന്ന് അതിഥിത്തൊഴിലാളികളുടെ കൂട്ടപ്പലായനം. സംസ്‌ഥാനത്ത് ആറുദിവസത്തെ ലോക്ക്‌ഡൗണ്‍ പ്രാബല്യത്തിലായ ഇന്നലെ രാത്രിക്കുമുന്‍പേ ജന്മനാട്ടിലേക്കു മടങ്ങാനായിരുന്നു കുടിയേറ്റത്തൊഴിലാളികളുടെ ശ്രമം. ഇതു വിവിധ ബസ് സ്‌റ്റേഷനുകളില്‍ ഉള്‍പ്പെടെ വലിയ തിരക്കിനും വഴിവച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ത്തന്നെ കുടിയേറ്റത്തൊഴിലാളികള്‍ കൂട്ടത്തോടെ ജന്മനാടുകളിലേക്കു മടങ്ങിത്തുടങ്ങിയിരുന്നു. ലോക്ക്‌ഡൗണ്‍ പ്രാബല്യത്തിലാകുന്ന ഇന്നലെ സ്‌ഥിതി മൂര്‍ധന്യത്തിലെത്തി. രാവിലെ മുതല്‍ ഡല്‍ഹിയിലെയും അതിര്‍ത്തി പ്രദേശങ്ങളിലെയും ബസ് സ്‌റ്റേഷനുകളില്‍ ഇതരസംസ്‌ഥാനക്കാര്‍ നിറഞ്ഞു. കോവിഡ് ചട്ടങ്ങള്‍ വിസ്‌മരിച്ച് ആയിരങ്ങളാണ് ബസ് സ്‌റ്റേഷനുകളിലേക്ക് ഒഴുകിയെത്തി.
അതിനിടെ ലോക്ക്‌ഡൗണ്‍ പ്രഖ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ ഇതരസംസ്‌ഥാനക്കാര്‍ നാടുകളിലേക്കു മടങ്ങരുതെന്ന അഭ്യര്‍ഥനയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി. തൊഴിലാളികളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്‌ദാനം. എന്നാൽ കഴിഞ്ഞ തവണ ഡൽഹി സർക്കാർ തൊഴിലാളികൾക്ക് യാതൊന്നും നൽകിയില്ല എന്ന ആരോപണം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ തവണ ഇത് കൊണ്ട് തന്നെ ഡൽഹിയിൽ നിന്ന് നിരവധിപേരാണ് സ്വന്തം നാട്ടിലേക്ക് പോകുവാൻ കാൽനടയായി പോയത്.
Post Your Comments