മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രൻസ്. കോസ്റ്റ്യൂം ഡിസൈനറായി മലയാള സിനിമയിലേക്ക് കടന്നുവന്ന ഇന്ദ്രൻസ് ചെറിയ വേഷങ്ങളിലൂടെ അഭിനയത്തിലേക്കും ചുവടുവെച്ചു. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടൻ പിന്നീട് തനിക്ക് ഗൗരവം നിറഞ്ഞതും അഭിനയ പ്രാധാന്യമുളള കഥാപാത്രങ്ങളും ചെയ്യാൻ കഴിയുമെന്നും തെളിയിച്ചു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ്അദ്ദേഹത്തെ തേടിയെത്തിയ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ തന്‍റെ കുടുംബത്തെ കുറിച്ചും ഭാര്യ ശാന്തകുമാരിയെ കുറിച്ചുമൊക്കെ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.
വിവാഹത്തിന് മുൻപ് ശാന്ത തന്റെ മുഖം ശരിക്ക് കണ്ടിരുന്നു പോലുമില്ലായിരുന്നുവെന്ന് ഇന്ദ്രൻസ് പറയുന്നു. വിവാഹത്തിന് മുൻപ് പലരും ശാന്തയോട് സിനിമാക്കാരനായാൽ സൂക്ഷിക്കണമെന്നും മദ്രാസിൽ വേറെ ഭാര്യയും മക്കളുമൊക്കെ ഉണ്ടോയെന്ന് നോക്കണമെന്നൊക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട് എന്നും ഇന്ദ്രൻസ് പറഞ്ഞു.
ഇന്ദ്രൻസിന്റെ വാക്കുകൾ
‘ മനസില്‍ പ്രണയവിവാഹം ആയിരുന്നു ആഗ്രഹമെങ്കിലും ആരെയും ഒത്തില്ല, അങ്ങനെ ഏറെ നാള്‍ പെണ്ണ് കാണാൻ നടന്നു. കൂടെ അച്ഛനൊക്കെ ഉള്ളതിനാൽ കാണാൻ പോകുന്ന പെണ്ണിന്‍റെ മുഖത്തുപോലും നോക്കാൻ കഴിയാതിരുന്നിട്ടുണ്ട്. ശാന്തയുടെ വീടിന്‍റെ നടയിലൂടെയൊക്കെ കയറിയിറങ്ങി അടുത്ത വീട്ടിലൊക്കെ പെണ്ണ് കണ്ടിട്ടുണ്ട്. ഏറ്റവും ഒടുവിലാണ് ശാന്തയെ പെണ്ണ് കണ്ടതെന്ന് ഇന്ദ്രൻസ് പറയുന്നു.
സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറായി തിരക്കുള്ള സമയാണ്, സിനിമാക്കാരനായാൽ സൂക്ഷിക്കണമെന്നും മദ്രാസിൽ വേറെ ഭാര്യയും മക്കളുമൊക്കെ ഉണ്ടോയെന്ന് നോക്കണമെന്നൊക്കെ ചിലർ അവരുടെ സുരക്ഷയെ കരുതി പറഞ്ഞുകൊടുത്തതായി കേട്ടിട്ടുണ്ട്. പെണ്ണ് കാണാൻ പോയ ദിവസം എന്നെ ശാന്ത നേരാംവണ്ണം കണ്ടിട്ടില്ല, പിന്നീടാണ് കണ്ടത്, അതുപോലെ ഞാനും അച്ഛനും ചേട്ടനുമൊക്കെ ഇരിക്കുന്നതിനാൽ നിവര്‍ന്ന് നോക്കിയിട്ടുമില്ലെന്ന്’ – ഇന്ദ്രൻസ് പറഞ്ഞു . 1985ലായിരുന്നു ഇന്ദ്രൻസും ശാന്തകുമാരിയും വിവാഹിതരായത്.
Post Your Comments