തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം നടത്തിയ ആളെ തിരിച്ചറിഞ്ഞു. ‘ബീഹാറിലെ റോബിൻഹുഡ്’ എന്നറിയപ്പെടുന്ന ഇർഫാനാണ് മോഷണം നടത്തിയതെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ആന്ധ്രാ പോലീസാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
വിഷു ദിനത്തിലാണ് ഭീമ ജ്വല്ലറി ഉടമയായ ഡോ. ബി. ഗോവിന്ദന്റെ കവടിയാറിലുള്ള വീട്ടിൽ മോഷണം നടന്നത്. മൂന്നു ലക്ഷം രൂപയുടെ സ്വർണവും രണ്ടര ലക്ഷം രൂപയുടെ വജ്രവും 60,000 രൂപയുമാണ് മോഷണം പോയത്. വൻ സുരക്ഷാ സന്നാഹങ്ങൾ മറി കടന്നായിരുന്നു മോഷണമെന്നത് അന്വേഷണ സംഘത്തെയും ആശയക്കുഴപ്പത്തിലാക്കിയിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ വീടിനു പിന്നിലുള്ള കോറിഡോർ വഴിയാണ് മോഷ്ടാവ് അകത്ത് കയറിയതെന്ന് വ്യക്തമായിരുന്നു. തുറക്കാൻ കഴിയുമായിരുന്ന ജനൽ പാളിയിലൂടെ മോഷ്ടാവ് അകത്തു കയറുകയായിരുന്നു. പുലർച്ചെ ഒന്നരയ്ക്കും മൂന്നിനും ഇടയിൽ ആയിരുന്നു സംഭവം. ജ്വല്ലറി ജീവനക്കാരെയും മുൻ ജീവനക്കാരെയും വീട്ടിൽ ജോലി ചെയ്യുന്നവരെയുമെല്ലാം പോലീസ് ചോദ്യം ചെയ്തിരുന്നു. വലത് കൈയിൽ ടാറ്റൂ പതിച്ച മോഷ്ടാവിന്റെ ചിത്രങ്ങൾ പോലീസ് പുറത്തുവിടുകയും ചെയ്തിരുന്നു.
Post Your Comments