കോഴിക്കോട് : ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പലവിധത്തിലുള്ള നിയന്ത്രണങ്ങള്‍ക്കു തയാറാവുമ്പോഴും മദ്യശാലകളെ തൊടാന്‍ സര്‍ക്കാര്‍ മടികാണിക്കുന്നത് വിമര്‍ശനത്തിനിടയാക്കുന്നു. കടകള്‍ക്കും ബസ്, ട്രെയിന്‍ യാത്രക്കാര്‍ക്കും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മദ്യശാലകളുടെ പ്രവര്‍ത്തനം തുടരുകയാണ്.
അവശ്യ സര്‍വിസുകളൊഴികെയുള്ളത് പ്രവര്‍ത്തിക്കരുതെന്ന നിര്‍ദേശമുള്ളതിനാല്‍ കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും പ്രവര്‍ത്തിച്ചില്ല. എന്നാല്‍ മറ്റു ജില്ലകളില്‍ ബാറുകള്‍ക്കു കാര്യമായ നിയന്ത്രണമില്ല. കടകള്‍ക്കെന്നപോലെ രാത്രി ഒമ്പതിന് അടയ്ക്കണമെന്ന നിബന്ധന മാത്രമേയുള്ളു. ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ കൊവിഡ് പ്രോട്ടോക്കോളില്ലാതെയാണ് ആളുകള്‍ ക്യൂ നില്‍ക്കുന്നത്.
കൊവിഡ് ഒന്നാംഘട്ടത്തിലും മദ്യശാലകള്‍ അടച്ചിടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ മടിച്ചുനില്‍ക്കുകയായിരുന്നു. പല കോണുകളില്‍നിന്നും വിമര്‍ശനമുയര്‍ന്നപ്പോഴാണ് ബാറുകള്‍ അടച്ചത്. കൊവിഡിന്റെ രണ്ടാംഘട്ടം അതീവ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുമ്പോഴും രോഗ്യവ്യാപനത്തിന് സാധ്യതയുള്ള ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും നിയന്ത്രിക്കാന്‍ സംവിധാനമില്ല. ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ കൊവിഡ് വാക്‌സിനെടുത്തവര്‍ക്കു മാത്രമായി പ്രവേശനം നിജപ്പെടുത്താവുന്നതുമാണ്. എന്നാല്‍ അതിനൊന്നും സര്‍ക്കാര്‍ തയാറായിട്ടില്ല.
മദ്യം വഴിയുള്ള വരുമാനമാണ് സര്‍ക്കാരിനെ നിയന്ത്രണങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്.
Post Your Comments