KeralaLatest NewsNews

കോവിഡ് പ്രതിരോധം: സമൂഹ വ്യാപനം തടയുന്നതിനുള്ള മാർഗനിർദേശം പുറപ്പെടുവിച്ച് ജില്ലാ കളക്ടർ

പത്തനംതിട്ട: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെയും ഉത്തരവുകൾക്കു വിധേയമായി ദുരന്ത നിവാരണ നിയമം 2005 ലെ സെക്ഷൻ 26(2), 30, 33, 34 പ്രകാരമാണ് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കളുടെ വരവ് പോക്ക് നിരീക്ഷിക്കാനായി അവരുടെ പേര്, സ്ഥലം, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കാൻ രജിസ്റ്റർ സൂക്ഷിക്കണം. കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുളള ശുചീകരണ സാമഗ്രികൾ (സാനിറ്റൈസർ, സോപ്പ്, വെള്ളം) ഉപഭോക്താക്കൾക്കായി പ്രവേശനകവാടത്തിൽ തന്നെ സജ്ജമാക്കണം. മാസ്‌ക് ധരിക്കാതെ എത്തുന്ന ആളുകൾക്ക് സ്ഥാപനത്തിൽ പ്രവേശനം അനുവദിക്കരുത്. സാമൂഹിക അകലം പാലിക്കണം. സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും മാസ്‌ക് ധരിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമ ഉറപ്പു വരുത്തണം. കോവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തിര നടപടി സ്വീകരിക്കണം.

Read Also: ആശങ്ക അകലുന്നില്ല; സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തു വിട്ട് ആരോഗ്യ വകുപ്പ്‌

പൊതു ചടങ്ങുകൾക്ക് (വിവാഹം, ഉത്സവം, സ്പോർട്സ്, കലാ-സാംസ്‌കാരിക പരിപാടികൾ, ശവസംസ്‌കാര ചടങ്ങുകൾ തുടങ്ങിയവ) ഔട്ട് ഡോർ ചടങ്ങുകൾക്ക് പരമാവധി 150 പേരും, ഇൻഡോർ ചടങ്ങുകൾക്ക് പരമാവധി 75 പേരും മാത്രമേ പാടുള്ളൂ. വിവാഹം, ഉത്സവം, സ്‌പോർട്‌സ്, കലാ-സാംസ്‌കാരിക പരിപാടികൾ തുടങ്ങിയ പൊതു ചടങ്ങുകൾ മുൻകൂട്ടി കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

ഒരു പരിപാടികളും രണ്ടു മണിക്കൂറിൽ കൂടാൻ പാടില്ല. വ്യാപാരസ്ഥാപനങ്ങൾ, തീയേറ്ററുകൾ, ബാറുകൾ എന്നിവ എല്ലാ ദിവസവും രാത്രി ഒൻപതിന് അടയ്ക്കണം. മീറ്റിംഗുകൾ കഴിവതും ഓൺലൈൻ വഴി നടത്തണം. ഹോട്ടലുകളും, റസ്റ്റോറന്റുകളും കഴിവതും ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. ഷോപ്പിംഗ് ഫെസ്റ്റിവൽ / മെഗാ സെയിൽ എന്നിവ കോവിഡ് രോഗ വ്യാപനം കുറയുന്നതുവരെയോ അടുത്ത രണ്ടാഴ്ചത്തേയ്ക്കോ മാറ്റി വയ്ക്കണം. ബസുകളിൽ യാതൊരു കാരണവശാലും ആളുകളെ നിർത്തി യാത്ര ചെയ്യിപ്പിക്കരുത്. ടെക്സ്റ്റൈൽ ഷോപ്പുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ എസി പ്രവർത്തിപ്പിക്കാൻ പാടില്ല.

ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ ഇ-സജ്ജീവനി (ടെലി മെഡിസിൻ) സംവിധാനത്തെക്കുറിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) കൂടുതൽ പ്രചരണം നടത്തണം. പുന:സംഘടിപ്പിച്ച വാർഡ്തല മോണിറ്ററിംഗ് കമ്മിറ്റികൾ ഏറ്റെടുത്ത് നടത്തേണ്ട കർത്തവ്യങ്ങളും ചുമതലകളും നിർവഹിക്കുന്നുണ്ടോ എന്ന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പു വരുത്തണം. കണ്ടെയ്ൻമെന്റ് സോണുകളിൽ ബന്ധപ്പെട്ട പഞ്ചായത്ത് / മുനിസിപ്പൽ സെക്രട്ടിമാർ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നതിന് നടപടി സ്വീകരിക്കണം.

Read Also: മലപ്പുറത്തെ സ്ഥിതി ഗുരുതരം; ഇന്നത്തെ കോവിഡ് കണക്കുകൾ അറിയാം

സർക്കാർ തീരുമാനങ്ങൾക്ക് അനുസൃതമായി രജിസ്റ്റർ ചെയ്ത കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിര പ്രവർത്തകർക്കും ദുർബല വിഭാഗങ്ങളെയും ( 45 വയസിനു മുകളിലുള്ളവർ) കണ്ടെത്തി കോവിഡ് വാക്സിൻ ആദ്യമേ ലഭിക്കുന്നുണ്ടെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, വാർഡ്തല കമ്മിറ്റികളും ഉറപ്പു വരുത്തണം. കൂടുതൽ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യം ബന്ധപ്പെട്ട പഞ്ചായത്ത്/ മുനിസിപ്പൽ സെക്രട്ടറിമാർ ഏർപ്പെടുത്തണം. വാക്സിനേഷൻ നടപടികൾ ഊർജിതപ്പെടുത്തുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അടിയന്തിര നടപടി സ്വീകരിക്കണം.

Read Also: പ്ലാറ്റ്‌ഫോമില്‍ നിന്ന് കാല്‍ തെന്നി ട്രാക്കിലേക്ക് വീണ കുഞ്ഞിന് രക്ഷകനായി റെയില്‍വേ ജീവനക്കാരൻ ; വീഡിയോ വൈറൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button