ന്യൂഡൽഹി: രാജ്യത്ത് കൊറോണ വ്യാപനം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ദേശീയ തലത്തിൽ ക്യാമ്പെയ്‌നുമായി ബിജെപി. സമൂഹത്തിന്റെ താഴെത്തട്ടിൽ വരെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ എത്തിക്കുകയാണ് അപ്‌നാ ബൂത്ത് കൊറോണ മുക്ത് ക്യാമ്പെയ്‌നിലൂടെ ലക്ഷ്യമിടുന്നത്. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ സംസ്ഥാന അദ്ധ്യക്ഷൻമാരുമായും ദേശീയ ഭാരവാഹികളുമായും നടത്തിയ യോഗത്തിലാണ് നിർദ്ദേശം മുന്നോട്ടുവെച്ചത്.
കൊറോണ പരിശോധനയ്ക്കും വാക്‌സിനേഷനും ആളുകളെ സഹായിക്കാൻ ലക്ഷ്യമിട്ടുളളതാണ് ക്യാമ്പെയ്ൻ. കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ പൂർണമനസോടെ സാമൂഹ്യ സേവനത്തിന് തയ്യാറാകാനും പാർട്ടി പ്രവർത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. പൊതുജന ബോധവൽക്കരണ ക്യാമ്പെയ്ൻ, സാനിറ്റൈസേഷൻ, ശുചിത്വം തുടങ്ങിയ പരിപാടികൾ ബൂത്ത് തലത്തിൽ സംഘടിപ്പിക്കും.
പ്ലാസ്മ ഡൊണേഷൻ ക്യാമ്പെയ്‌നിൽ സംസ്ഥാന അധികാരികളുമായും ജില്ലാ ഭരണകൂടവുമായും പാർട്ടി പ്രവർത്തകർ സഹകരിക്കണമെന്നും നദ്ദ നിർദ്ദേശിച്ചു. മാസ്‌കിന്റെയും സാനിറ്റൈസറിന്റെയും ലഭ്യത ഉറപ്പുവരുത്തണം. പാർട്ടിയുടെ പഞ്ചായത്ത് അംഗങ്ങളുമായി വെർച്വൽ മീറ്റിംഗുകൾ നടത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് സംസ്ഥാന അദ്ധ്യക്ഷൻമാരോട് അദ്ദേഹം അഭ്യർത്ഥിച്ചു.
Post Your Comments