മണ്ണില്‍ അടിവസ്ത്രങ്ങൾ കുഴിച്ചിടുന്നത് എവിടെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? ഏറെ വിചിത്രമായ ഒരു ആചാരമായി തോന്നാം അല്ലേ? എന്നാല്‍, സ്വിറ്റ്സര്‍ലന്‍ഡില്‍ ആളുകള്‍ ഇത് ചെയ്യുന്നത് ശാസ്ത്രത്തിന്റെ പേരിലാണ്. മണ്ണിന്റെ ഗുണനിലവാരത്തെ കുറിച്ചുള്ള പഠനത്തിനായിട്ടാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഉടനീളമുള്ള കര്‍ഷകരും തോട്ടം ഉടമകളും വെളുത്ത അടിവസ്ത്രങ്ങള്‍ മണ്ണില്‍ കുഴിച്ചിടുന്നതത്രെ. സാധാരണയായി മണ്ണിന്റെ ഗുണനിലവാരം പരിശോധിക്കാനായി നമ്മള്‍ ഒന്നുകില്‍ ലാബുകളുടെ സഹായം തേടും. അല്ലെങ്കില്‍ മണ്ണില്‍ വച്ച് തന്നെ അത് പരിശോധിക്കും. എന്നാല്‍, സ്വിറ്റ്സര്‍ലന്‍ഡിലെ അഗ്രോസ്കോപ്പ് എന്ന ഗവേഷണ സ്ഥാപനമാണ് ഈ വ്യത്യസ്തമായ മണ്ണ് ഗുണനിലവാര പരിശോധന നടത്തുന്നത്.
Also Read:അമ്പതുരൂപ ചോദിച്ചിട്ട് നല്‍കിയില്ല; അച്ഛനെ മകന്‍ കുത്തിക്കൊന്നു
അഗ്രോസ്കോപ്പ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സൂറിച്ച് സര്‍വകലാശാലയുമായി ചേര്‍ന്നാണ് ഈ വ്യത്യസ്തമായ പദ്ധതി ആരംഭിച്ചത്. ഇത് നടപ്പിലാക്കുന്നതിന് പൗരന്മാരുടെ പങ്കാളിത്തം ആവശ്യമാണ്. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വോളന്റിയര്‍മാര്‍ക്ക് രണ്ട് ജോഡി കോട്ടണ്‍ അടിവസ്ത്രങ്ങളും ആറ് ടീ ബാഗുകളും അവര്‍ അയച്ച് കൊടുക്കുകയായിരുന്നു. അത് ഒരു വയലിലോ പുല്‍മേടിലോ പൂന്തോട്ടത്തിലോ കര്‍ഷകര്‍ക്ക് കുഴിച്ചിടാവുന്നതുമാണ്.
പദ്ധതിയുടെ ഭാഗമായി 2,000 ജോടി കോട്ടണ്‍ അടിവസ്ത്രങ്ങള്‍ കര്‍ഷകര്‍ക്ക് ഗവേഷണ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ അയച്ച് കൊടുത്തു കഴിഞ്ഞു. രണ്ട് മാസത്തിന് ശേഷം, മണ്ണിന്റെ ഗുണനിലവാരം നിര്‍ണയിക്കാന്‍ വസ്ത്രങ്ങള്‍ കുഴിച്ച് ഇട്ട് അതിന്റെ അവസ്ഥ വിലയിരുത്തും. നല്ല രീതിയില്‍ വസ്ത്രങ്ങള്‍ അഴുകിയിട്ടുണ്ടെങ്കില്‍, മണ്ണില്‍ സൂക്ഷ്മജീവികള്‍ വസിക്കുന്നുവെന്ന് തെളിയുന്നു. അതായത് മണ്ണ് നല്ലതാണ്. ഈ തുണി സൂക്ഷ്മാണുക്കള്‍ നശിപ്പിച്ചുവോ എന്നും, എത്രത്തോളം തുണി നശിപ്പിക്കപ്പെട്ടുവെന്നും ഗവേഷകര്‍ പരിശോധിക്കുന്നു. കൂടുതല്‍ തുളകള്‍ വീണിട്ടുണ്ടെങ്കില്‍ മണ്ണ് നല്ല ഫലഭൂഷ്‌ഠമാണെന്നും, നല്ല വിളവ് ലഭിക്കുമെന്നും മനസ്സിലാക്കാം.
രണ്ട് ജോഡി അടിവസ്ത്രങ്ങളാണ് ഓരോ കര്‍ഷകരും കുഴിച്ചിടേണ്ടത്. ‘ഈ പരിശോധന മണ്ണിന്റെ ഗുണനിലവാരത്തിന്റെ സൂചകമാണ്. അടിവസ്ത്രങ്ങള്‍ പുല്‍മേടുകള്‍, വയലുകള്‍ എന്നിവിടങ്ങളില്‍ കുഴിച്ചിടുന്നു. പിന്നീട് ഒരു മാസത്തിന് ശേഷം അടിവസ്ത്രം മണ്ണില്‍ നിന്ന് പുറത്തെടുത്ത് ഫോട്ടോ എടുക്കുന്നു. വീണ്ടും ഒരു മാസത്തിനുശേഷം മറ്റേ അടിവസ്ത്രം പുറത്തെടുക്കുന്നു. അതിന്റെ ഡിജിറ്റല്‍ വിശകലനവും നടത്തുന്നു. അടിവസ്ത്രത്തില്‍ കൂടുതല്‍ ദ്വാരങ്ങളുണ്ടെങ്കില്‍, മണ്ണ് ആരോഗ്യകരമാണെന്ന് മനസ്സിലാക്കാം” ഈ പ്രോജക്റ്റിന്റെ ഹെഡായ മാര്‍സെല്‍ പറഞ്ഞു. “എവിഡന്‍സ് അണ്ടര്‍പാന്റ്സ്” എന്നാണ് ഈ പദ്ധതിയുടെ പേര്.
എന്നാല്‍, എന്തിനാണ് ടീ ബാഗുകളും ഇതിനൊപ്പം കുഴിച്ചിടുന്നത് എന്നൊരു സംശയം ആര്‍ക്കും തോന്നാം. അടിവസ്ത്രങ്ങള്‍ക്കൊപ്പം അഴുകിയ ടീ ബാഗുകളും അവര്‍ പരിശോധിക്കുന്നു, തുടര്‍ന്ന് അവ തമ്മില്‍ താരതമ്യം ചെയ്യുന്നു. 2019 -ല്‍ സൂറിച്ചിലെ അഗ്രോസ്കോപ്പ് സ്റ്റേഷനില്‍ നടത്തിയ ഇത്തരത്തിലുള്ള ആദ്യ പരീക്ഷണത്തില്‍ രണ്ട് മാസത്തിന് ശേഷം ഇലാസ്റ്റിക് ബാന്‍ഡ് മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്ന് കണ്ടെത്തിയിരുന്നു. ബാക്കിയെല്ലാം ഭൂമിക്കടിയില്‍ മറഞ്ഞിരിക്കുന്ന മണ്ണിര, വുഡ്‌ലൈസ്, ബാക്ടീരിയ, ഫംഗസ്, മറ്റ് സൂക്ഷ്മാണുക്കള്‍ എന്നിവ ഭക്ഷിച്ചിരുന്നതായും കാണാന്‍ സാധിച്ചു. സ്വിറ്റ്സര്‍ലന്‍ഡിന്റെ മണ്ണ് മികച്ച രൂപത്തിലാണെന്നതിന്റെ സൂചനയാണിത് എന്നും ഗവേഷകര്‍ പറയുന്നു.
മണ്ണൊലിപ്പ്, രാസവളങ്ങളുടെ അമിത ഉപയോഗം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ മണ്ണിന് ഭീഷണിയാകുന്നുണ്ടോ എന്ന് കണ്ടെത്താന്‍ കൂടിയാണ് ഈ അടിവസ്ത്ര പഠനം. അഗ്രോസ്കോപ്പ് പറയുന്നത് അനുസരിച്ച്, ലോകമെമ്ബാടും ഓരോ വര്‍ഷവും സ്വിറ്റ്സര്‍ലന്‍ഡിനേക്കാളും രണ്ടര ഇരട്ടി വലിപ്പമുള്ള പ്രദേശം നശിപ്പിക്കപ്പെടുന്നു. അത് കൃഷിയ്ക്ക് അനുയോജ്യമല്ലാതായിത്തീരുന്നു എന്നാണ് പറയുന്നത്.
Post Your Comments