ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കോവിഡ് 19 രാജ്യതലസ്ഥാനത്ത് ഗുരുതര സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. ഡൽഹിയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമായി ഉയർന്നിട്ടുണ്ടെന്നും ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകൾക്കും ഓക്‌സിജനും കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Also: സംസ്ഥാനത്തെ സർവകലാശാല പരീക്ഷകൾ മാറ്റി വെച്ചു
കിടക്കകളും ഓക്‌സിജനും ലഭ്യമാക്കുന്നതിന് ഇടപെടണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചിരിക്കുകയാണ് ഡൽഹി സർക്കാർ. കഴിഞ്ഞ ദിവസം 25,000 ത്തിന് മുകളിൽ കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആശുപത്രികളിലെ 90 ശതമാനം കിടക്കകളും നിറഞ്ഞു. തീവ്രപരിചരണ വിഭാഗങ്ങളിൽ 100 കിടക്കകൾ മാത്രമാണ് നിലവിൽ ഒഴിവുള്ളത്. ചികിത്സ ആവശ്യമായ രോഗികളുടെ എണ്ണം പൊടുന്നനെ വർധിച്ചതോടെ ആശുപത്രികളിൽ 6000 കിടക്കകൾ അടിയന്തിരമായി വേണ്ടിവരുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണം വർധിക്കുന്നത് ആരോഗ്യ പ്രവർത്തകർക്കിടയിലും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
ആശുപത്രികളിൽ കിടക്കകൾക്ക് ക്ഷാമം നേരിട്ടതോടെ കോമൺവെൽത്ത് ഗെയിംസ് വില്ലേജ്, സ്‌കൂളുകൾ എന്നിവ കോവിഡ് ചികിത്സയ്ക്കുള്ള താൽകാലിക ആശുപത്രികളാക്കി മാറ്റി. രണ്ട്-മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഓക്‌സിജൻ സൗകര്യമുള്ള ആറായിരം കിടക്കകൾ തയ്യാറാക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് അരവിന്ദ് കെജ്രിവാൾ അറിയിച്ചു. ഓക്‌സിജൻ ക്ഷാമമാണ് ഡൽഹി നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
കൈവശമുള്ള ഓക്‌സിജൻ അതിവേഗത്തിൽ തീർന്നുകൊണ്ടിരിക്കുകയാണ്. വളരെ കുറഞ്ഞ അളവ് ഓക്‌സിജൻ മാത്രമേ ആശുപത്രികളിൽ ബാക്കിയുള്ളൂ. അടിയന്തിരമായി കൂടുതൽ ഓക്‌സിജൻ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments