ബമാകോ: ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലിരിക്കെ താന്‍ നേരിട്ട പീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്തി കേസിൽ പ്രതിയായിരുന്ന ഫൗസിയ ഹസന്‍. ജയിന്‍ സമിതി റിപ്പോര്‍ട്ട് സി.ബി.ഐക്ക് കൈമാറുമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ നഷ്ടപരിഹാരത്തിനുള്ള ആവശ്യം വീണ്ടുമുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫൗസിയ ഹസന്‍.
നമ്പി നാരായണനെ കുടുക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ട് വെളിപ്പെടുത്തി ഫൗസിയ. രമൺ ശ്രീവാസ്തവ ഉൾപ്പടെയുള്ളവരാണ് നമ്പി നാരായണനെതിരെ വ്യാജമൊഴി നൽകാൻ തന്നെ നിർബന്ധിച്ചതെന്ന് ഫൗസിയ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു വെളിപ്പെടുത്തൽ. കസ്റ്റഡിയില്‍ വെച്ച് താന്‍ നേരിട്ട പീഡനങ്ങളെ കുറിച്ചും ഫൗസിയ വ്യക്തമാക്കി. നമ്പി നാരായണനും ശശികുമാറിനുമെതിരെ മൊഴി വേണമെന്നാണ് പറഞ്ഞത്. വിസമ്മതിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചെന്നും മകളെ തന്‍റെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഫൗസിയ വെളിപ്പെടുത്തുന്നു.
Also Read:വ്യാജവാര്‍ത്ത നല്‍കി; മംഗളത്തിന് വക്കീല്‍ നോട്ടീസ് അയച്ച് ബിജെപി ഐടി സെല്‍ സഹ കണ്‍വീനർ
‘അന്ന് രമണ്‍ ശ്രീവാസ്തവ കാണാന്‍ വന്നിരുന്നു. അദ്ദേഹം പറയുന്നത് പോലെ പറയാന്‍ പറഞ്ഞു. നമ്പി നാരായണനും ശശി കുമാറുമായി ബന്ധമുണ്ടെന്ന് പറയാന്‍ അവര്‍ ആവശ്യപ്പെട്ടു. താന്‍ ഡോളര്‍ നല്‍കിയപ്പോള്‍ ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥര്‍ രഹസ്യങ്ങള്‍ കൈമാറിയെന്ന് പറയാന്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞപ്പോൾ അവര്‍ എന്നെ ക്രൂരമായി അടിച്ചു. ദിവസങ്ങളോളം അവര്‍ രാത്രി എന്നെ ഉറങ്ങാതെ നിര്‍ത്തി. എന്റെ മാറിലും ജനനേന്ദ്രിയത്തിലും പരുക്കേല്‍പ്പിച്ചു. ഷൂസിട്ട് എന്റെ കാലിലും മുഖത്തും ചവിട്ടി. വിരലുകള്‍ക്കിടിയില്‍ പേനകള്‍ വെച്ച് ഞെരിച്ചു. പറഞ്ഞില്ലെങ്കിൽ തൻ്റെ കൺമുന്നിലിട്ട് മകളെ ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞു. അന്ന് മംഗലാപുരത്ത് പഠിക്കുകയായിരുന്നു മകൾ’- ഫൗസിയ പറയുന്നു.
ഗതികെട്ടാണ് ക്യാമറയ്ക്ക് മുന്നിൽ വ്യാജമൊഴി നൽകിയത്. എല്ലാവരും ചേർന്ന് തന്നെ ചാരവനിതയാക്കിയെന്ന് ഫൗസിയ പറയുന്നു. തനിക്ക് നമ്പി നാരായണന്‍റെ പേര് പോലും അറിയില്ലായിരുന്നുവെന്നാണ് ഫൗസിയ പറയുന്നത്. മാലി സ്വദേശിനിയായ ഫൗസിയ ഇപ്പോൾ ശ്രീലങ്കയിലെ കൊളംബോയിലാണ് താമസിക്കുന്നത്. കേസിൽ ഫൗസിയയുടെ വെളിപ്പെടുത്തൽ നിർണായകമാകും.
Post Your Comments