
തിരുവനന്തപുരം: സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ- സഞ്ജീവനി വഴി ഇതുവരെ ചികിത്സ നേടിയത് ഒരു ലക്ഷം പേർ. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് കാലത്ത് ആശുപത്രി സന്ദർശനം ഒഴിവാക്കി വീട്ടിൽ ഇരുന്നു കൊണ്ടുതന്നെ ചികിത്സ തേടാൻ ഇ- സഞ്ജീവനിയിലൂടെ കഴിയും.
Read Also: രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകളുടെ അവസരം നിഷേധിക്കരുത്; നിർണായക ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി
2020 ജൂൺ 10 നാണ് ഇ- സഞ്ജീവനി ആരംഭിച്ചത്. എല്ലാ ജില്ലകളിലും യുദ്ധകാലാടിസ്ഥാനത്തിൽ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതികവിദ്യകളും ഒരുക്കിയാണ് ഈ പദ്ധതി സർക്കാർ യാഥാർഥ്യമാക്കിയത്. പ്രവർത്തനം ആരംഭിച്ച് കുറച്ചു നാളുകൾക്കകം ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്തെത്താൻ കേരളത്തിന് കഴിഞ്ഞിരുന്നു. എന്നാൽ കോവിഡ് വ്യാപനം കുറഞ്ഞ സമയം ജനങ്ങൾ ആശുപത്രിയിൽ നേരിട്ട് ചികിത്സയ്ക്കെത്തിയതോടെ കേരളം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പട്ടു.
വീണ്ടും സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വിവിധ സ്പെഷ്യാലിറ്റി ഒപികളൊരുക്കി ഇ- സഞ്ജീവനി ശക്തിപ്പെടുത്താമൈാരുങ്ങുകയാണ് സംസ്ഥാന ആരോഗ്യ വകുപ്പ്. അടുത്ത ആഴ്ച മുതൽ 4 സ്പെഷ്യാലിറ്റി ഒപികൾ ഇ-സഞ്ജീവനിയിൽ ആരംഭിക്കും. ഓർത്തോപീഡിക്സ്, ഇ.എൻ.ടി., റെസ്പിറേറ്ററി മെഡിസിൻ, പെയിൻ ആന്റ് പാലിയേറ്റീവ് എന്നീ സ്പെഷ്യാലിറ്റി ഒപികളാണ് ആരംഭിക്കുന്നത്.
ഇപ്പോൾ സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്പെഷ്യാലിറ്റി സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ഒരു ദിവസം രണ്ട് ജില്ലകളിലെ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം വീതമാണ് ഉറപ്പ് വരുത്തിയിരിക്കുന്നത്.
ജനറൽ മെഡിസിൻ, സർജറി, കാർഡിയോളജി, ഗൈനക്കോളജി, പീഡിയാട്രിക്, ഡെന്റൽ, സൈക്യാട്രി, ത്വക്ക് രോഗം തുടങ്ങിയ വിഭാഗങ്ങളിലെ സേവനങ്ങളാണ് ഉറപ്പാക്കിയത്. ഇതുകൂടാതെ 33 സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഒപി സേവനങ്ങളും ലഭ്യമാക്കി വരുന്നു. കോവിഡ് വ്യാപന കാലത്ത് ആശുപത്രിയിൽ നേരിട്ടു പോകാതെ ഈ സേവനങ്ങൾ എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അഭ്യർത്ഥിച്ചു. ഇപ്പോൾ ഇ സഞ്ജീവനി വഴി ചികിത്സ തേടുന്ന രോഗികളുടെ എണ്ണം ഇരട്ടിയായതായും മന്ത്രി വ്യക്തമാക്കി.
എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം;
https://esanjeevaniopd.in/ എന്ന ഓൺലൈൻ സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ ഇ-സഞ്ജീവനി ആപ്ലിക്കേഷൻ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.
ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്ടോപോ അല്ലെങ്കിൽ ടാബ് ഉണ്ടങ്കിൽ esanjeevaniopd.in എന്ന സൈറ്റിൽ പ്രവേശിക്കാം.
ഉപയോഗിക്കുന്ന ആക്ടീവായ മൊബൈൽ നമ്പർ ഉപയോഗിച്ചു രജിസ്റ്റർ ചെയ്യുക.
തുടർന്ന് ലഭിക്കുന്ന ഒടിപി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം.
വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടൻ തന്നെ ഡൗൺലോഡ് ചെയ്ത് മരുന്നുകൾ വാങ്ങാനും പരിശോധനകൾ നടത്താനും തുടർന്നും സേവനം തേടാനും സാധിക്കുന്നു. സംശയങ്ങൾക്ക് ദിശ 1056, 0471 2552056 എന്നീ നമ്പരിൽ വിളിക്കാവുന്നതാണ്.
Post Your Comments