കോഴിക്കോട്: മുസ്ലിംലീഗ് നേതാവ് കെ.എം ഷാജിക്കെതിരെ നിലപാട് കടുപ്പിച്ചു വിജിലന്‍സ്. ഷാജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയത് കട്ടിലിനടിയിലെ രഹസ്യ അറയില്‍ നിന്നെന്ന് വിജിലന്‍സ് കോടതിയില്‍ അറിയിച്ചു. നോട്ടുകെട്ടുകളില്‍ പലതും മാറാല പിടിച്ച നിലയിലായിരുന്നെന്നും പണം കുറച്ചു കാലം മുന്‍പ് തന്നെ സൂക്ഷിച്ചതാണെന്നും വിജിലന്‍സ് കോടതിയില്‍ പറഞ്ഞു. കണ്ണൂരിലേയും കോഴിക്കോട്ടേയും വീടുകളില്‍ തിങ്കളാഴ്ച നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത മറ്റ് രേഖകളിന്‍ മേലുള്ള റിപ്പോര്‍ട്ടും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
വിദേശയാത്രയുടേതടക്കമുള്ള 72 ഓളം രേഖകളാണ് ഹാജരാക്കിയത്. കോഴിക്കോട്ടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ 491 ഗ്രാം സ്വര്‍ണം, വിദേശയാത്ര നടത്തിയതിന്റെ 28 പാസ്‌പോര്‍ട്ട് രേഖകള്‍ തുടങ്ങിയവയാണ് കോടതിയില്‍ ഹാജരാക്കിയത്. 50 ലക്ഷം രൂപ കണ്ണൂരിലെ ഷാജിയുടെ വീട്ടില്‍ നിന്നും 39,000 രൂപ കോഴിക്കോട്ടെ വീട്ടില്‍ നിന്നുമാണ് പിടിച്ചെടുത്തത്. പണം തെരഞ്ഞെടുപ്പ് ഫണ്ടിന്റെ ഭാഗമായുള്ളതെന്നാണ് റെയ്ഡ് സമയത്ത് ഷാജി പറഞ്ഞത്.
പിടിച്ചെടുത്ത പണം ട്രഷറിയില്‍ നിക്ഷേപിക്കും. കേസില്‍ ഹാജരാക്കുന്ന രേഖകള്‍ തിരികെ കിട്ടാനും നടപടിക്രമങ്ങളുടെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥന്‍ നാളെ ഹര്‍ജി നല്‍കും. ഇത് ലഭിച്ചതിന് ശേഷം ചോദ്യം ചെയ്യുന്നതിനുള്ള നോട്ടീസ് ഷാജിക്ക് നല്‍കാനാണ് വിജിലന്‍സ് തീരുമാനം.
2011 -2020 കാലഘട്ടത്തില്‍ ഷാജിയുടെ സ്വത്തില്‍ 166 ശതമാനം വര്‍ദ്ധനവുണ്ടായെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. തെരഞ്ഞെടുപ്പ് കമ്മീഷന് ഷാജി നല്‍കിയ സത്യവാങ്മൂലത്തിലെ കണക്കുമായുള്ള അന്തരമാകും വിജിലന്‍സ് പ്രധാനമായും ഷാജിയില്‍ നിന്നും തേടുക.
Post Your Comments