ബംഗളൂരു: കർണാടകയിൽ കൊറോണ വൈറസ് കേസുകൾ അനിയന്ത്രിതമായി ഉയരുന്നു. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും കൂടുതൽ കേസ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 14,738 പേർക്കാണ് ഒറ്റ ദിവസം കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 10,497 രോഗികൾ ബംഗളൂരുവിലാണ്. കഴിഞ്ഞ ഞായറാഴ്ച 11, 265 കേസ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞവർഷം ഒക്ടോബർ ഏഴിന് രേഖപ്പെടുത്തിയത് 10,947 ആയിരുന്നു. അതിനു മുമ്പത്തെ റെക്കോഡ് പ്രതിദിന കണക്ക്. സംസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയ 66 കോവിഡ് മരണത്തിൽ 30ഉം ബംഗളൂരുവിലാണ് ഉള്ളത്.
96,561 പേരാണ് കർണാടകയിൽ നിലവിൽ കേവിഡ് ചികിത്സയിലുള്ളത്. ഇതിൽ 555 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 11.09 ലക്ഷത്തിലെത്തിയിരിക്കുന്നു. 13,112 പേർ കോവിഡ് മരണത്തിന് കീഴടങ്ങി. എന്നാൽ അതേസമയം, 3,591 പേർ ഇന്നലെ രോഗമുക്തി നേടിയിരിക്കുന്നു.
ബംഗളൂരുവിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 71,827 ആയി. 1,807 പേർ ഇന്നലെ രോഗമുക്തി നേടി. ഇതുവരെ നഗരത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4963 ആയി ഉയർന്നു. കലബുറഗിയിൽ 624ഉം തുമകുരുവിൽ 387ഉം ബിദറിൽ 363ഉം മൈസൂരുവിൽ 327ഉം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. മൈസൂരുവിൽ അഞ്ച് മരണം രേഖപ്പെടുത്തി.
Post Your Comments