സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി20യിൽ പാകിസ്താന് തകർപ്പൻ ജയം. നായകൻ ബാബർ അസമിന്റെ സെഞ്ച്വറി പ്രകടനത്തിന്റെ മികവിൽ 9 വിക്കറ്റിനാണ് പാകിസ്താൻ ദക്ഷിണാഫ്രിക്കയെ തകർത്തത്. 204 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ 18 ഓവറിൽ കളി അവസാനിപ്പിച്ചു.
59 പന്തിൽ 122 റൺസ് നേടിയ ബാബറിന്റെ ഇന്നിംഗ്സാണ് പാകിസ്താന്റെ വിജയത്തിൽ നിർണായകമായത്. 15 ബൗണ്ടറികളും 4 സിക്സറുകളുമാണ് ബാബറിന്റെ ബാറ്റിൽ നിന്നും പിറന്നത്. 49 പന്തിൽ മൂന്നക്കം കടന്ന ബാബർ ഒരു പാകിസ്താൻ താരം ട്വന്റി20യിൽ നേടുന്ന മൂന്നാമത്തെ സെഞ്ച്വറിയും അതിലെ വേഗമേറിയ സെഞ്ച്വറിയും സ്വന്തം പേരിലാക്കി. ബാബർ തന്നെയാണ് കളിയിലെ താരം. ജയത്തോടെ 4 മത്സരങ്ങളടങ്ങിയ പരമ്പരയിൽ പാകിസ്താൻ 2-1ന് മുന്നിലെത്തി.
നേരത്തെ, ഐസിസി ഏകദിന ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ കഴിഞ്ഞ മൂന്നര വർഷമായി ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ ബാബർ താഴെയിറക്കിയിരുന്നു. 865 പോയിന്റുമായാണ് ബാബർ അസം ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. 857 പോയിന്റുകളുമായി കോഹ്ലി രണ്ടാമതും 825 പോയിന്റുമായി രോഹിത് ശർമ്മ മൂന്നാം സ്ഥാനത്തുമുണ്ട്.
Post Your Comments