ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോന്‍വാര്‍ പ്രദേശത്തെ ഹോട്ടൽ കൃഷ്ണധാബ വീണ്ടും തുറന്നു. രണ്ട് മാസത്തെ അടച്ചുപൂട്ടലിനു ശേഷം ഇന്നലെയാണ് പ്രമുഖ ഹോട്ടല്‍ ശൃംഖലയായ കൃഷ്ണധാബ വീണ്ടും തുറന്നത്. ജമ്മു കാശ്മീരിലെ സോന്‍വാര്‍ പ്രദേശത്ത് ഭീകരര്‍ നടത്തിയ ആക്രമണത്തിൽ ഹോട്ടൽ ഉടമ രമേശ് കുമാറിൻ്റെ മകനും കൊല്ലപ്പെട്ടിരുന്നു. ഇതേതുടർന്നാണ് ഹോട്ടൽ രണ്ട് മാസത്തോളം അടച്ചിട്ടത്.
സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടെന്നും കാശ്മീര്‍ തൻ്റെ വീടാണെന്നും ഹോട്ടല്‍ ഉടമ രമേശ് കുമാര്‍ വാര്‍ത്താ ഏജന്‍സികളോട് പ്രതികരിച്ചു. ‘ജനിച്ചതും ഇത്രയും കാലം ജീവിച്ചതും കശ്മീരിൻ്റെ മണ്ണിലാണ്, ഈ മണ്ണ് വിട്ട് എങ്ങും പോകില്ല. ഞങ്ങള്‍ മറ്റെവിടെ പോകാനാണ്? ഇതാണ് ഞങ്ങളുടെ വീട്’- അദ്ദേഹം പറഞ്ഞു.
രമേശിന്റെ മകന്‍ ആകാശ് മെഹ്‌റയ്ക്കുനേരെ ഭീകരര്‍ വെടിയുതിർത്തത് ഫെബ്രുവരി 17നാണ്. ഹോട്ടലിൽ തിരക്കുള്ള സമയത്തായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആകാശ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. സംഭവത്തിൽ നിരോധിത ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തയിബയോട് അനുഭാവം പുലര്‍ത്തുന്ന മൂന്ന് പേരെ ജമ്മു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിനോദസഞ്ചാരികളുടെയും സമീപവാസികളുടെയും ശ്രീനഗറിലെ ഇഷ്ട ഇടമായ ഈ ഹോട്ടല്‍ വീണ്ടും തുറന്നതിൻ്റെ സന്തോഷത്തിലാണ് പ്രദേശവാസികൾ. മകനെ നഷ്ടമായെങ്കിലും ജീവിതം മുന്നോട്ട് എന്ന ഉറച്ച ബോധ്യത്തിൽ നീങ്ങുകയാണ് രമേശ് കുമാർ.
Post Your Comments