തിരുവനന്തപുരം : കോവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നാല്‍ തദ്ദേശ സ്ഥാപന പരിധിയില്‍ കളക്ടര്‍മാര്‍ക്ക് 144 ആം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കാവുന്നതാണ്. കഴിഞ്ഞ ദിവസം കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് 144 പ്രഖ്യാപിക്കാന്‍ അനുമതി. ഏപ്രില്‍ 30 വരെയാണ് നിയന്ത്രണങ്ങള്‍. പുതിയ ഉത്തരവില്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടെ വിശദാംശങ്ങളും ഉണ്ട്.
പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെയാണ്. വിവാഹം ഉള്‍പ്പെടെ അടച്ചിട്ട ഹാളുകളില്‍ നടക്കുന്ന ചടങ്ങുകളില്‍ പരമാവധി 100 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. തുറസ്സായ സ്ഥലങ്ങളില്‍ ആണെങ്കില്‍ 200 പേര്‍ വരെയാകാം. നിശ്ചിത പരിധിയില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കണമെങ്കില്‍ 72 മണിക്കൂറിനുള്ളിലെ ആര്‍ ടി പി സി ആര്‍
നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. വാക്സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും പങ്കെടുക്കാം.
വിവാഹം കൂടാതെ മരണാനന്തര ചടങ്ങ്, സാംസ്കാരിക പരിപാടി, കായിക പരിപാടി, ഉത്സവങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം ഇത് ബാധകമായിരിക്കും. രണ്ടു മണിക്കൂറിനുള്ളില്‍ ചടങ്ങുകളും പരിപാടികളും അവസാനിപ്പിക്കണം. പരിപാടികളിലും ചടങ്ങുകളിലും ഭക്ഷണം വിളമ്പുന്നത് ഒഴിവാക്കണം. പകരം പാഴ്സലായി ഭക്ഷണം നല്‍കാന്‍ ശ്രദ്ധിക്കണം.
അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞദിവസം 7515 പേര്‍ക്ക് കോവിഡ് – 19 സ്ഥിരീകരിച്ചു. എറണാകുളം – 1162, കോഴിക്കോട് – 867, തൃശൂര്‍ – 690, മലപ്പുറം – 633, കോട്ടയം – 629, തിരുവനന്തപുരം – 579, കണ്ണൂര്‍ – 503, ആലപ്പുഴ – 456, കൊല്ലം – 448, കാസര്‍ഗോഡ് – 430, പാലക്കാട് – 348, പത്തനംതിട്ട – 312, ഇടുക്കി – 259, വയനാട് – 199 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
യു കെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (104), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 112 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 73,441 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.23 ആണ്. റുട്ടീന്‍ സാമ്പിൾ , സെന്റിനല്‍ സാമ്പിൾ , സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,38,87,699 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
Post Your Comments