ജയ്പൂർ: കോവിഡ് വ്യാപനം രൂക്ഷമായ രാജസ്ഥാനിൽ കൊവാക്‌സിൻ ഡോസുകൾ മോഷണം പോയതായി പരാതി. കോൾഡ് സ്‌റ്റോറേജിൽ നിന്നും കൻവാതിയ ആശുപത്രിയിലേയ്ക്ക് കൊണ്ടുവരുന്നതിനിടെയാണ് കൊവാക്‌സിന്റെ 320 ഡോസുകൾ മോഷണം പോയത്. സംഭവത്തിന് പിന്നാലെ ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകി.
32 കുപ്പികളിലായി സൂക്ഷിച്ചിരുന്ന വാക്‌സിൻ ഡോസുകളാണ് മോഷണം പോയത്. ഒരു കുപ്പിയിൽ 10 ഡോസ് വാക്‌സിനാണ് ഉണ്ടാകുകയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രി സൂപ്രണ്ടാണ് സംഭവം ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയത്. വാക്‌സിൻ മോഷണം പോയ വാർത്ത ഞെട്ടിച്ചെന്ന് ചീഫ് മെഡിക്കൽ ഓഫീസർ നരോത്തം ശർമ്മ പ്രതികരിച്ചു.
സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമമുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അടുത്തിടെ ആരോപിച്ചിരുന്നു. വാക്‌സിനേഷൻ ഡ്രൈവ് നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും പല ജില്ലകളിലും വാക്‌സിനേഷൻ നിർത്തിവെക്കേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾക്ക് വാക്‌സിൻ വിതരണം ചെയ്ത സംസ്ഥാനമാണ് രാജസ്ഥാൻ.
Post Your Comments