മുംബൈ: ഐപിഎല്ലിലെ ആദ്യ മലയാളി നായകന്റെ തൊപ്പിയണിഞ്ഞിറങ്ങിയ സഞ്ജു സാംസൺ പ്രതീക്ഷ വിഫലമാക്കിയില്ല. അവസാന പന്തിൽ പഞ്ചാബ് കിംഗ്സ് വിജയം തട്ടിപ്പറിച്ചെങ്കിലും സഞ്ജു കളം നിറഞ്ഞു നിന്ന് മലയാളികളുടെ അഭിമാനമായി. 63 പന്തിൽ നിന്ന് 119 റൺസ് നേടിയ സഞ്ജു ഈ ഐ പി എൽ എഡിഷനിലെ ആദ്യ സെഞ്ച്വറി കൂടിയാണ് സ്വന്തം പേരിൽ കുറിച്ചത്.
മുംബെെ വാങ്ക്ഡെ സ്റ്റേഡിയത്തിൽ അവസാന പന്തുവരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ വിജയത്തിന്റെ പടിവാതിലിൽ നാല് റൺസിന് രാജസ്ഥാന് തോൽവി സമ്മതിക്കേണ്ടി വന്നു. പഞ്ചാബ് ഉയർത്തിയ 222 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് സഞ്ജുവിന്റെ സെഞ്ച്വറി മികവിലും 217 റൺസേ നേടാനായുള്ളൂ. നായകനായി നിയോഗിച്ച ടീം മാനേജ്മെന്റ് തീരുമാനം ശരിവെക്കുന്നതായിരുന്നു സഞ്‌ജുവിന്റെ അവസരോചിത പ്രകടനം.
ഏഴ് സിക്സറുകളും 12 ഫോറുകളും അടക്കമായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. പ്രതീക്ഷ പുലർത്തിയ താരങ്ങൾ നിരാശപ്പെടുത്തിയപ്പോഴായിരുന്നു സഞ്ജുവിന്റെ പ്രകടനമെന്നതും ശ്രദ്ധേയം. 13 പന്തിൽ നിന്ന് 25 റൺസെടുത്ത് ജാേസ് ബട്ലറും 15 പന്തിൽ നിന്ന് 23 റൺസെടുത്ത് ശിവം ദുബെയും സഞ്ജുവിന് ശക്തമായ പിന്തുണ നൽകാൻ ശ്രമിച്ചു.
ഐപിഎല്ലിൽ സഞ്ജുവിന്റെ മൂന്നാം സെഞ്ച്വറിയാണിത്. നായകനായുള്ള അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോഡും സഞ്ജു സ്വന്തമാക്കി.
രാജസ്ഥാൻ റോയൽസിനായി ഐപിഎല്ലിൽ 2000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ താരമായും സഞ്ജു ഇതോടെ മാറി.
Post Your Comments