തിരുവനന്തപുരം: അഞ്ച് വർഷം മുൻപ് അധികാരത്തിലേറിയത് മുതൽ വിവാദങ്ങളിൽ ‘നമ്പർ വണ്ണാണ്’ പിണറായി സർക്കാർ. സ്വർണക്കടത്ത്, ഡോളർ കടത്ത്, ബന്ധുനിയമനം, മാർക്ക് ദാനം, പിൻവാതിൽ നിയമനം എന്നിങ്ങനെ സർക്കാർ പ്രതിക്കൂട്ടിലായ വിവാദങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഏറ്റവുമൊടുവിൽ ബന്ധുനിയമന വിവാദത്തിൽപ്പെട്ട് മന്ത്രി കെ.ടി ജലീലും രാജിവെച്ചിരിക്കുകയാണ്.
അധികാരത്തിലേറിയത് മുതൽ ഇന്ന് വരെയുള്ള കാലയളവിൽ ജലീൽ ഉൾപ്പെടെ രാജി വെച്ച മന്ത്രിമാരുടെ എണ്ണം അഞ്ചായി. മന്ത്രിസഭയിലെ തന്നെ കരുത്തനെന്ന വിശേഷണം സ്വന്തമാക്കിയിരുന്ന ഇ.പി ജയരാജനാണ് ആദ്യം രാജിവെച്ച മന്ത്രി. ഭാര്യാസഹോദരിയായ പി.കെ ശ്രീമതിയുടെ മകനെ വ്യവസായ വകുപ്പിൽ നിയമിച്ചതാണ് ജയരാജന്റെ രാജിയിലേയ്ക്ക് നയിച്ചത്. പിന്നീട് കേസ് അവസാനിപ്പിച്ച ശേഷമാണ് അദ്ദേഹം മന്ത്രിസഭയിലേയ്ക്ക് തിരിച്ചെത്തിയത്.
മാദ്ധ്യമ പ്രവർത്തകയോട് നിരന്തരം അശ്ലീല ചുവയോടെ സംസാരിച്ചെന്ന വിവാദം എ.കെ ശശീന്ദ്രന്റെ രാജിയിലാണ് കലാശിച്ചത്. പിന്നീട് പരാതിക്കാരി കേസിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് കുറ്റവിമുക്തനായ ശശീന്ദ്രൻ മന്ത്രിസഭയിലേയ്ക്ക് തിരിച്ചെത്തുകയായിരുന്നു. ശശീന്ദ്രന്റെ രാജിയുടെ പശ്ചാത്തലത്തിൽ എൻസിപിയിൽ നിന്ന് മന്ത്രിയായ തോമസ് ചാണ്ടി കായൽ കൈയ്യേറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഹൈക്കോടതി ഇടപെടലിന് പിന്നാലെ രാജിവെച്ചു.
കെ.കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കാൻ ജനതാദൾ ദേശീയ നേതൃത്വം തീരുമാനിച്ചതോടെ മാത്യു ടി തോമസ് ജലവിഭവ മന്ത്രി സ്ഥാനം രാജിവെച്ചു. ഏറ്റവുമൊടുവിൽ ബന്ധു നിയമന വിവാദത്തിൽ അകപ്പെട്ട കെ.ടി ജലീൽ ലോകായുക്തയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിക്ക് രാജി കൈമാറിയത്. അഞ്ച് വർഷത്തിനിടെ രാജിവെച്ച അഞ്ച് മന്ത്രിമാരിൽ രണ്ട് പേർ ബന്ധുനിയമനം നടത്തിയതാണ് സർക്കാരിന് തിരിച്ചടിയായത്.
Post Your Comments