സിപിഎം പ്രതിസ്ഥാനത്തെത്തുന്ന രാഷ്ട്രീയ കൊലപാതകക്കേസുകളിൽ പ്രതികളാകുന്ന പാർട്ടിക്കാർ ആത്മഹത്യ ചെയ്യുകയോ, കൊല്ലപ്പെടുകയോ ചെയ്ത സംഭവങ്ങൾ മുൻപും ഉണ്ടെന്ന്മനോരമ റിപ്പോർട്ട് ചെയ്യുന്നു ഇവയിൽ പലതിലും ദുരൂഹതയുണ്ടെന്ന് ആരോപണവും ഉയരുന്നു.
1999 ഡിസംബർ ഒന്നിനാണു യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി.ജയകൃഷ്ണൻ കൊല്ലപ്പെട്ടത്. കേസിലെ ഏഴാം പ്രതി പാട്യം കാര്യോട്ടുപുറത്തെ കാരായി സജീവനെ 2002ൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കേസിൽ വിചാരണ തുടങ്ങിയപ്പോഴായിരുന്നു സജീവന്റെ മരണം. സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ, പാർട്ടിയുടെ പ്രാദേശിക നേതാവ് എത്തി സജീവനെ വിളിച്ചുകൊണ്ടുപോയെന്നായിരുന്നു ആരോപണം.
തളിപ്പറമ്പിലെ യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത് 2012 ഫെബ്രുവരി 20ന്. കേസിൽ ഇരുപതാം പ്രതിയായിരുന്ന മൊറാഴ കുമ്മനാട് അച്ചാലി സരീഷ് (28) ജാമ്യത്തിലിറങ്ങി ചികിത്സയിലിരിക്കെ ആശുപത്രിയുടെ ശുചിമുറിയിൽ തൂങ്ങിമരിച്ചു.
കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകൻ കൂവേരിയിൽ നെട്ടൂർ ഗോവിന്ദൻ കൊല്ലപ്പെട്ടത് 1994 ഫെബ്രുവരിയിൽ. പ്രതിയായിരുന്ന സിപിഎം പ്രവർത്തകൻ സജീവനെ ഒളിവിൽ കഴിയുന്നതിനിടെ കശുമാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മറ്റൊരു പ്രതി സദാനന്ദൻ ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷം ആത്മഹത്യ ചെയ്തു. ജയിലിൽനിന്നു പുറത്തുവന്നശേഷം സദാനന്ദൻ സിപിഎമ്മിനെതിരെ തിരിയുകയും വെട്ടേൽക്കുകയും ചെയ്തിരുന്നു. ബിജെപിയിൽ ചേർന്ന ശേഷമായിരുന്നു ആത്മഹത്യ.
ആന്തൂരിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ദാസൻ കൊല്ലപ്പെട്ടത് 1995 ഒക്ടോബർ 26ന്. കേസിൽ പ്രതികളെന്നു നാട്ടുകാർ സംശയിച്ച 2 പേർ ആത്മഹത്യ ചെയ്തു. ഇവർ പൊലീസിന്റെ പ്രതിപ്പട്ടികയിലുണ്ടായിരുന്നില്ല.
കോഴിക്കോട് ജില്ലയിൽ ബിഎംഎസ് നേതാവ് പയ്യോളി സി.ടി.മനോജിന്റെ കൊലപാതകവുമായി (2012 ഫെബ്രുവരി 12) ബന്ധപ്പെട്ട് ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ചോദ്യം ചെയ്ത യുവാവിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി.
സിപിഎം പ്രവർത്തകനായ അയനിക്കാട് ചൊറിയഞ്ചാൽ സനൽരാജിനെ (25) ആണ് 2013 ഫെബ്രുവരി 26ന് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസിന്റെ പ്രതിപ്പട്ടികയിൽ സനൽരാജ് ഉണ്ടായിരുന്നില്ല. അറസ്റ്റിലായവർ ഡമ്മി പ്രതികളാണെന്നും നുണപരിശോധനയ്ക്കു തയാറാണെന്നും വിചാരണ തുടങ്ങുന്നതിനു മുൻപേ കോടതിയെ അറിയിച്ചു. തുടർന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിനു പിന്നാലെയായിരുന്നു സനൽരാജിന്റെ മരണം.
തലശ്ശേരിയിൽ എൻഡിഎഫ് പ്രവർത്തകൻ മുഹമ്മദ് ഫസൽ കൊല്ലപ്പെട്ടത് 2006 ഒക്ടോബർ 22ന്. പിന്നീട് 2 വർഷത്തിനിടെ 3 സിപിഎം പ്രവർത്തകരാണു തലശ്ശേരിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഒരാളെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. നങ്ങാറത്തുപീടികയിലെ ജിജേഷ്, പരിമടത്തെ സലിം എന്നിവർ കൊല്ലപ്പെട്ടു. ജിജേഷിനെ ആർഎസ്എസുകാരും സലിമിനെ എൻഡിഎഫുകാരും വധിച്ചെന്നാണ് സിപിഎം ആരോപണം.
വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒരു പ്രതിയെയും പൊലീസ് ചോദ്യം ചെയ്ത വ്യക്തിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കേസിലെ ചില പ്രതികൾക്ക് ‘അരിവാൾ പാർട്ടിയുമായി ’ ബന്ധമുണ്ടെന്നു പെൺകുട്ടികളുടെ അമ്മ ആരോപിച്ചിരുന്നു.
Post Your Comments