വിഷു ഉത്സവ ചടങ്ങുകള്‍ക്കായി ശബരിമല ക്ഷേത്രനട ഏപ്രില്‍ 10നു വൈകിട്ട് 5ന് തുറന്നു. 11 മുതല്‍ 18 വരെയാണ് പൂജകള്‍. 18ന് രാത്രി 10ന് നട അടയ്ക്കും. 11മുതല്‍ 18 വരെ എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ ഉണ്ടാകും. രാവിലെ 7.30ന് ഉഷപൂജയും വൈകിട്ട് 6.30ന് ദീപാരാധനയും നടക്കും. ദീപാരാധനയ്ക്കു ശേഷമാണ് പടിപൂജ.
ശബരിമലയില്‍ വിഷുക്കണി ദര്‍ശനം 14ന് പുലര്‍ച്ചെ 5 മുതല്‍ ഏഴു വരെയാണ്. 13ന് രാത്രി അത്താഴ പൂജയ്ക്കു ശേഷം മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ ശീകോവിലില്‍ വിഷുക്കണി ഒരുക്കിയാണ് നട അടയ്ക്കുക. കണിവെള്ളരി, അഷ്ടമംഗലം, അലക്കിയ വസ്ത്രം, ചക്ക, മാങ്ങ, നാളികേരം, ഉണക്കലരി, വാല്‍ക്കണ്ണാടി തുടങ്ങിയവ ഓട്ടുരുളിയില്‍ ഒരുക്കി അയ്യപ്പ വിഗ്രഹത്തിനു മുന്നില്‍ വയ്ക്കും. ഇതിനു പുറമേ വെള്ളി പാത്രത്തില്‍ നിറയെ നാണയങ്ങളും. 14ന് പുലര്‍ച്ചെ നട തുറന്ന ശേഷം ശ്രീകോവിലിലെ ദീപങ്ങള്‍ തെളിയിച്ച് ആദ്യം അയ്യപ്പനെ കണി കാണിക്കും. പിന്നെ ഭക്തരെയും. തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് വീഷുക്കൈനീട്ടം നല്‍കും.
കോവിഡിന്റെ സാഹചര്യത്തില്‍ പൊലീസിന്റെ വെര്‍ച്വല്‍ക്യു ബുക്ക് ചെയ്ത് എത്തുന്നവര്‍ക്കു മാത്രമാണ് സന്നിധാനത്തേക്കു പോകാന്‍ അനുമതി ലഭിക്കുക. പൊലീസിന്റെ sabarimalaonline.org എന്ന സൈറ്റിലാണ് വെര്‍ച്വല്‍ ക്യു ബുക്ക് ചെയ്യുന്നത്.വെര്‍ച്വല്‍ ക്യു ബുക്ക് ചെയ്ത് എത്തുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എങ്കില്‍ മാത്രമേ നിലയ്ക്കല്‍ നിന്നു സന്നിധാനത്തേക്ക് പോകാന്‍ അനുവദിക്കു. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ വേണ്ട.
Post Your Comments