മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ അത്യപൂർവ്വ നേട്ടം സ്വന്തമാക്കി കിംഗ്‌സ് ഇലവൻ പഞ്ചാബ് സൂപ്പർ താരം ക്രിസ് ഗെയ്ൽ. ഐപിഎല്ലിൽ 350 സിക്‌സറുകൾ പറത്തുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ഗെയ്ൽ സ്വന്തമാക്കിയിരിക്കുന്നത്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ബെൻ സ്‌റ്റോക്‌സിന്റെ ഷോർട്ട് ബോൾ മിഡ് വിക്കറ്റിന് മുകളിലൂടെ ഗ്യാലറിയിലെത്തിച്ചാണ് ഗെയ്ൽ അപൂർവ്വ നേട്ടം സ്വന്തം പേരിൽ കുറിച്ചത്.
Also Read: കവാനിയെ യുണൈറ്റഡിൽ നിലനിർത്തുമെന്ന് സോൾഷ്യർ
അദ്യ സിക്‌സറിൽ തന്നെ റെക്കോർഡ് നേട്ടവുമായാണ് ഗെയ്ൽ പുതിയ സീസണിന് തുടക്കം കുറിച്ചത്. 28 പന്തിൽ 40 റൺസ് നേടിയ ഗെയ്ൽ രണ്ട് തവണയാണ് പന്തിനെ അതിർത്തി കടത്തിയത്. ഇതോടെ ഐപിഎല്ലിൽ 133 മത്സരങ്ങളിൽ നിന്നും ഗെയ്ൽ അടിച്ചുകൂട്ടിയ സിക്‌സറുകളുടെ എണ്ണം 351 ആയി. സിക്‌സറുകളുടെ എണ്ണത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം എബി ഡിവില്യേഴ്‌സാണ് രണ്ടാമത്. 237 സിക്‌സറുകളാണ് എബിഡിയുടെ അക്കൗണ്ടിലുള്ളത്.
സിക്‌സറുകളുടെ എണ്ണത്തിൽ ആദ്യ അഞ്ചിൽ മൂന്ന് ഇന്ത്യൻ താരങ്ങളുണ്ടെന്നതാണ് മറ്റൊരു സവിശേഷത. ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ മഹേന്ദ്ര സിംഗ് ധോണിയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. 216 തവണയാണ് ധോണിയുടെ ബാറ്റിൽ നിന്നും പന്ത് ഗ്യാലറിയിലെത്തിയത്. 214 സിക്‌സറുകളുമായി ഹിറ്റ്മാൻ രോഹിത് ശർമ്മ നാലാം സ്ഥാനത്തും 201 സിക്‌സറുകളുമായി ആർസിബി നായകൻ വിരാട് കോഹ്‌ലി അഞ്ചാം സ്ഥാനത്തുമുണ്ട്.
Post Your Comments