മുംബൈ: കോവിഡ് ടാസ്‌ക് ഫോഴ്‌സുമായി കൂടിക്കാഴ്ച്ച നടത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടി വരുന്ന സാഹചര്യം ഉൾപ്പെടെ ചർച്ചാ വിഷയമായെന്നാണ് റിപ്പോർട്ട്. ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടി വരുന്ന സാഹചര്യം മുന്നിൽ കാണണമെന്ന് അദ്ദേഹം ടാസ്‌ക് ഫോഴ്‌സിന് നിർദ്ദേശം നൽകിയതായാണ് വിവരം.
കിടക്കകളുടെ ലഭ്യത, റെംഡെസിവിറിന്റെ ഉപയോഗം, നിയന്ത്രണങ്ങൾ ഏർപ്പെടുത്തൽ എന്നീ വിഷയങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിന് കാരണം എന്താണെന്ന് പഠിക്കാനും മുഖ്യമന്ത്രി കോവിഡ് ടാസ്‌ക് ഫോഴ്‌സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ പകുതിയിലധികം കേസുകളും മഹാരാഷ്ട്രയിൽ നിന്നാണ്. ഏതാനും ദിവസങ്ങളായി 50,000 ത്തിന് മുകളിലാണ് സംസ്ഥാനത്തെ പ്രതിദിന രോഗികൾ.
ഇന്ന് 63,294 പേർക്കാണ് സംസ്ഥാനത്ത് രോഗബാധ റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 34,07,245 ആയി ഉയർന്നു.
Post Your Comments