മുംബൈ: മഹാരാഷ്ട്രയ്ക്ക് എത്രയും പെട്ടന്ന് വാക്സിൻ തന്നില്ലെങ്കിൽ ഒരു വാഹനവും പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗെയിറ്റ് കടന്ന് പോകാൻ അനുവദിക്കില്ലെന്ന് സ്വാഭിമാനി ഷേട്കരി സഘ്തന നേതാവ് രാജു ഷെട്ടി. മഹാരാഷ്ട്രയിലെ വാക്‌സിന്‍ ദൗര്‍ലഭ്യത്തിന് ഒരാഴ്ച കൊണ്ട് പരിഹാരം കാണണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം സൂചിപ്പിച്ച് പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്ക് കത്തയച്ചതായി രാജു ഷെട്ടി വ്യക്തമാക്കി.
മഹാരാഷ്ട്രയിലേക്കുള്ള വാക്‌സിന്‍ വിതരണം വേഗത്തിലാക്കിയില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് വാക്‌സിന്‍ വിതരണം ചെയ്യാന്‍ അനുവദിക്കില്ലെന്ന ഭീഷണി മുഴക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. ‘ഒരാഴ്ച വരെ കാത്തുനില്‍ക്കും. മഹാരാഷ്ട്രയിലാണ് കൊവിഡ് രോഗികൾ കൂടുതലുള്ളത്. ഇവിടേക്കുള്ള വാക്‌സിന്‍ വിതരണം വര്‍ധിപ്പിച്ചില്ലെങ്കില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒറ്റ വാഹനം പോലും സംസ്ഥാനങ്ങളുടെ അതിർത്തി കടക്കില്ല. മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങള്‍ തടയും’, ഷെട്ടി പറഞ്ഞു.
Also Read:പുഴയിലിറങ്ങുന്നവർ ശ്രദ്ധിക്കുക ; ഒരാഴ്ചയ്ക്കിടെ നീർനായയുടെ കടിയേറ്റത് അഞ്ചുപേർക്ക്
രാജ്യത്ത് കൊവിഡ് രോഗികൾ ഏറെയുള്ള മഹാരാഷ്ട്രയ്ക്കാണ് കൂടുതൽ വാക്സിൻ എത്തിക്കേണ്ടത്. എന്നാൽ ഇതു നടക്കുന്നില്ലെന്നും വാക്സിൻ വിതരണത്തിൽ കേന്ദ്രം അനാസ്ഥ കാണിക്കുന്നുവെന്നാണ് ഷെട്ടി ആരോപിക്കുന്നത്. അതേസമയം, ശനിയാഴ്ച മാത്രം മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചത് 55,411 പേര്‍ക്കാണ്. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമമുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.
Post Your Comments