
റായ്പൂർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടികളുമായി സുരക്ഷാ സേന. ദന്തേവാഡയിൽ നടന്ന ഏറ്റുമുട്ടലിൽ തലയ്ക്ക് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റിനെ സുരക്ഷാ സേന വധിച്ചു. ഗാദാം-ജുംഗംപാൽ വനമേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റിനെ വധിച്ചത്.
വെട്ടി ഹംഗ എന്ന മാവോയിസ്റ്റാണ് കൊല്ലപ്പെട്ടത്. ഇയാളുടെ തലയ്ക്ക് ഒരു ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ഗാദാം-ജുംഗംപാൽ വനമേഖലയിൽ ഇയാൾ ഒളിച്ചിരിപ്പുണ്ടെന്ന് സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന വനമേഖലയിൽ എത്തിയതും ഇയാളെ വധിച്ചതും. നിരവധി ആയുധശേഖരങ്ങൾ ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. 8 എംഎം പിസ്റ്റൽ, നാടൻതോക്ക്, രണ്ട് കിലോ ഐഇഡി, ഗ്രനേഡുകൾ എന്നിവയാണ് പിടിച്ചെടുത്തത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഛത്തീസ്ഗഡിൽ വലിയ അക്രമങ്ങളാണ് മാവോയിസ്റ്റുകൾ നടത്തുന്നത്. ഇന്ന് ബിജാപ്പൂർ ജില്ലയിൽ ജലശുദ്ധീകരണ പ്ലാന്റിന്റെ നിർമ്മാണത്തിനായി എത്തിച്ച വാഹനങ്ങൾ മാവോയിസ്റ്റുകൾ തീയിട്ടു നശിപ്പിച്ചിരുന്നു. കോൺക്രീറ്റ് മിക്‌സിംഗ് യന്ത്രം, ട്രാക്റ്റർ, ജെസിബി, എന്നിവയാണ് മാവോയിസ്റ്റുകൾ അഗ്‌നിക്കിരയാക്കിയത്.
Post Your Comments