തിരുവനന്തപുരം: സംസ്ഥാനത്തെ കുതിച്ചുയരുന്ന പുതിയ കോവിഡ് കേസുകള്‍ കോവിഡിന്റെ രണ്ടാം തരംഗമാണെന്ന് വിദഗ്ധ സമിതിയുടെ സ്ഥിരീകരണം. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എണ്ണം കുറവാണെങ്കിലും കേരളത്തിലെ പ്രതിദിന കേസുകളുടെ പെട്ടെന്നുള്ള വര്‍ധന രണ്ടാം തരംഗം തന്നെയെന്നാണ് വിലയിരുത്തല്‍. തീവ്രവ്യാപനത്തിന്റെ സാഹചര്യത്തില്‍ 45 വയസ്സിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും സാധ്യമാകും വേഗത്തില്‍ വാക്സിന് നല്‍കണമെന്നാണ് സമിതിയുടെ നിര്‍ദേശം.
ഉത്തര്‍പ്രദേശില്‍ 156 ഉം ബിഹാറില്‍ 151 ഉം തെലങ്കാനയില്‍ 136 ഉം കര്‍ണാടകയില്‍ 73 ഉം തമിഴ്നാട്ടില്‍ 64 ഉം ശതമാനമാണ് കേസുകളുടെ വര്‍ധന. അതേസമയം കേരളത്തിലേത് 26 ശതമാനമാണ്. കേസുകള്‍ ഇനിയും കൂടാമെന്നും വിലയിരുത്തലുണ്ട്. രണ്ടാം തരംഗത്തില്‍ രോഗബാധിതരാകുന്നതില്‍ കൂടുതലും യുവാക്കളാണെന്ന് വിലയിരുത്തല്‍.
തീവ്രവ്യാപനം നടക്കുന്ന സംസ്ഥാനങ്ങളിലെ വൈറസ് പടര്‍ച്ചയുടെ സ്വഭാവം വിലയിരുത്തിയാണ് ഈ നിഗമനം. മഹാരാഷ്ട്രയില്‍ പുതുതായി രോഗബാധിതരാകുന്നതില്‍ പകുതിയിലേറെ യുവാക്കളാണ്. നിലവില്‍ മൊത്തം ജനസംഖ്യയുടെ 10.13 ശതമാനം പേര്‍ക്കാണ് സംസ്ഥാനത്ത് വാക്സിന് നല്‍കിയത്.
രോഗബാധമൂലം താല്‍ക്കാലിക പ്രതിരോധശേഷി ആര്‍ജിച്ചവര്‍ 40 ലക്ഷത്തില്‍ താഴെയും. സാമൂഹിക സമ്പർക്കം ഏറെയുള്ളവര്‍ എന്ന നിലയില്‍ മുതിര്‍ന്നവരെക്കാള്‍ രോഗസാധ്യതയേറെ യുവാക്കളിലാണ്. ഈ സാഹചര്യത്തില്‍ പ്രായപരിധി നിബന്ധനകള്‍ മാറ്റിവെച്ച് 18 വയസ്സിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും വാക്സിന് നല്‍കണമെന്നും ആവശ്യമുയരുന്നുണ്ട്.എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഇത് പ്രായോഗികമല്ലെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
Post Your Comments