കൊല്ലം ∙ ഉത്ര വധക്കേസിൽ പ്രതി സൂരജിന്റെ വിശദീകരണം തേടൽ നടപടി പൂർത്തിയായി. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു എന്ന ആരോപണം നിഷേധിച്ചു സൂരജ്. പ്രോസിക്യൂഷൻ ഭാഗം രേഖകളുടെയും തെളിവിന്റെയും അടിസ്ഥാനത്തിലാണ് പ്രതി സൂരജിൽ നിന്ന് അഡി.സെഷൻസ് ജഡ്ജി എം.മനോജ് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. 692 ചോദ്യങ്ങളിലാണ് സൂരജിൽ നിന്നു വിശദീകരണം തേടിയത്. തനിക്കെതിരെ വിവിധ സാക്ഷികൾ നൽകിയ മൊഴികൾ കളവാണെന്നാണ് പ്രതി സൂരജ് വിശദീകരിച്ചത്.
കൂടുതൽ എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് എഴുതി ഹാജരാക്കാമെന്നായിരുന്നു മറുപടി. സൂരജ് എഴുതി ഹാജരാക്കിയ അധിക വിശദീകരണത്തിൽ ഉത്രയ്ക്ക് യാതൊരു കുഴപ്പമോ ഭിന്നശേഷിയോ ഇല്ലായിരുന്നുവെന്നും വീടിനു സമീപം പാമ്പിനെ കണ്ടതു കൊണ്ടാണ് ചാവർകാവ് സുരേഷിനെ വിളിച്ചതെന്നും അണലി കടിച്ച ദിവസം രാത്രി മദ്യപിച്ചിരുന്നതായും പറയുന്നു. രാത്രി ഉത്ര കരയുന്നതു കേട്ടാണ് ഉണർന്നതെന്നും കാൽ വേദനിക്കുന്നു എന്നു പറഞ്ഞതിനെ തുടർന്നാണ് സുഹൃത്ത് സുജിത്തിനെ വിളിച്ചതെന്നും വിശദീകരിച്ചു.
അന്നു രാത്രി ഉത്രയെ അടൂരിലെ ആശുപത്രിയിൽ കൊണ്ടു പോയതായും എന്നാൽ എന്താണ് കടിച്ചതെന്ന് മനസ്സിലാകാതിരുന്നതിനെ തുടർന്ന് തിരുവല്ലയിലെ മെഡിക്കൽ കോളജിൽ കൊണ്ടു പോവുകയുമായിരുന്നു. എന്നാൽ അണലി കടിച്ചതായി ഡോക്ടർമാർ പറഞ്ഞില്ല. തുടർന്ന് പ്രതിരോധ മരുന്ന് കുത്തിവച്ചതിന്റെ പാർശ്വഫലമാണ് ഉത്രയ്ക്ക് ഉണ്ടായത്. ഉത്രയെ മൂർഖൻ കടിച്ച ദിവസം 6 മണിയോടെ അവരുടെ വീട്ടിൽ ചെന്നതായും എന്നാൽ ഉത്രയോടൊപ്പമല്ല കിടന്നതെന്നും ഉത്രയോടൊപ്പം അവരുടെ അമ്മയാണ് കിടന്നതെന്നും സൂരജ് പറഞ്ഞു.
ഒപ്പം കുഞ്ഞും ഉണ്ടായിരുന്നതായും മുറിയിലെ 2 ജനാലകളും തുറന്നു കിടക്കുകയായിരുന്നുവെന്നും ആ മുറിയിലേക്ക് പോയിട്ടില്ലെന്നുമാണ് സൂരജ് പറഞ്ഞത്. ഉത്രയുടെ വീട്ടുകാർ പൊലീസിനെ സ്വാധീനിച്ച് തനിക്കെതിരെ കള്ളക്കേസ് കൊടുക്കുകയാണ് ചെയ്തതെന്നും ആരോപിച്ചു. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു എന്ന ആരോപണം നിഷേധിച്ച സൂരജ് തനിക്ക് പാമ്പിനെ കൈകാര്യം ചെയ്യാൻ അറിയില്ല എന്നും വിശദീകരണത്തിൽ പറഞ്ഞിട്ടുണ്ട്. പ്രതിഭാഗത്തിന് തെളിവ് ഹാജരാക്കാനുണ്ടെങ്കിൽ പ്രതിഭാഗം സാക്ഷി പട്ടിക ഹാജരാക്കുന്നതിനുമായി കേസ് ഈ മാസം 12ന് വീണ്ടും പരിഗണിക്കും.
Post Your Comments