നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ഇറ്റാലിയൻ നാവികർക്കെതിരായ നടപടികൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നഷ്ടപരിഹാരത്തുക സ്വീകരിക്കാമെന്ന് മരണപ്പെട്ടവരുടെ ബന്ധുക്കൾ സമ്മതിച്ചു. സുപ്രീം കോടതിയെ ഈ വിവരം സർക്കാർ അറിയിച്ചു.
ഇറ്റാലിയൻ കപ്പലായ എന്റിക്ക ലെക്സിയിലെ നാവികരുടെ വെടിയേറ്റ് മരണപ്പെട്ട മത്സ്യത്തൊഴിലാളികളായ ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങൾക്ക് നാല് കോടി വീതമാണ് നഷ്ടപരിഹാരം ലഭിക്കുക, ഇവർ സഞ്ചരിച്ചിരുന്ന ബോട്ടിന്റെ ഉടമയായ ഫ്രഡിന് രണ്ട് കോടിയും ലഭിക്കും. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക്, അന്താരാഷ്ട്ര കോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരം കൈമാറിയെന്നും ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രപ്രശ്നമായതിനാൽ കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്നും കേന്ദ്ര സർക്കാർ രണ്ടുദിവസം മുൻപ് സുപ്രീം കോടതിയിൽ പറഞ്ഞിരുന്നു. കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കും.
കേരളത്തിന് വേണ്ടി അഡീഷണൽ ചീഫ് സെക്രട്ടറി കേന്ദ്ര വിദേശകാര്യ സെക്രട്ടറിക്ക് നൽകിയ കത്തിലാണ്, നഷ്ടപരിഹാര തുക സ്വീകരിക്കാമെന്ന് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ട് ഉടമസ്ഥനും സമ്മതിച്ചതായി വ്യക്തമാക്കിയിരിക്കുന്നത്. മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നേരത്തേ 2.17 കോടിരൂപ നഷ്ടപരിഹാരമായി ലഭിച്ചിരുന്നു. ഇതിന് പുറമേയാണ് ഇപ്പോൾ ഇറ്റലി പത്തുകോടി രൂപ കൂടി നൽകുന്നത്. 9 വർഷം മുൻപാണ് ഇറ്റാലിയൻ കപ്പലായ എന്റിക്ക ലെക്സിയിലെ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികളായ ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവർ മരിച്ചത്.
Post Your Comments