ന്യൂഡല്‍ഹി : കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാക്കുന്നവരെ അടച്ചിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു. ഹിമാചല്‍ പ്രദേശില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഏപ്രില്‍ 21 വരെ അവധി പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്നാണ് തീരുമാനം. രോഗവ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ എംപിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു.
കേസുകള്‍ വര്‍ധിച്ചതോടെ സംസ്ഥാനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടന്നു. മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ്, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമേ ജമ്മു കശ്മീരിലെ എട്ട് ജില്ലകളില്‍ ഇന്ന് മുതലും കര്‍ണാടകയിലെ ബംഗളൂരു, മൈസൂരു അടക്കം ആറ് പ്രധാന നഗരങ്ങളിലും നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വരും.
മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ വാരാന്ത്യ ലോക്ക് ഡൗണും പ്രഖ്യാപിച്ചു. പുതുച്ചേരിയില്‍ നാളെ മുതല്‍ രാത്രി കാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും. രോഗവ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ 97% ഉണ്ടായിരുന്ന രോഗമുക്തി നിരക്ക് 91 ശതമാനമായി കുറഞ്ഞതില്‍ ആരോഗ്യ മന്ത്രി ഡോക്ടര്‍ ഹര്‍ഷവര്‍ധന്‍ ആശങ്ക പ്രകടിപ്പിച്ചു. ആളുകളുടെ അലംഭാവമാണ് രോഗവ്യാപനം രൂക്ഷമാകാന്‍ കാരണമായതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
Post Your Comments