റാഫേൽ ഇടപാടിന് ഇടനിലക്കാരന് പണം നൽകിയെന്ന ഫ്രഞ്ച് മീഡിയ പോർട്ടലിന്റെ വാദം നിരസിച്ച് വിമാന നിർമ്മാതാക്കളായ ഡസ്സോൾട്ട് . ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജൻസിയുടേത് ഉൾപ്പെടെ നിരവധി പരിശോധനകളിലൂടെയാണ് കരാർ നടന്നതെന്നും, നിയമലംഘനങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അഴിമതി തടയുന്നതിന് കമ്പനി കർശനമായ ആഭ്യന്തര നടപടിക്രമങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയുമായുള്ള കരാർ, സർക്കാരുകൾ തമ്മിലുള്ള അടിസ്ഥാനത്തിലാണ് സ്ഥാപിതമായതെന്നും, ഈ കരാറും, അനുബന്ധ കരാറും മാനദണ്ഡങ്ങൾ പാലിക്കുന്നതും പൂർണ്ണ സുതാര്യതയോടെ നടപ്പാക്കുന്നതാണെന്നും ഡസോൾട്ട് വക്താവ് പറഞ്ഞു.
നേരത്തെ, പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ഇടനിലക്കാരനായ സുഷെൻ ഗുപ്തയ്ക്ക് പണം നൽകിയതായുള്ള രേഖകൾ ലഭിച്ചതായി തെളിവുകൾ ലഭിച്ചിട്ടും, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്അതേപ്പറ്റി അന്വേഷിച്ചിട്ടില്ലെന്ന് ഫ്രഞ്ച് പോർട്ടൽ മീഡിയപാർട്ട് അവകാശപ്പെട്ടിരുന്നു. യു.പി.എയ്ക്ക് കീഴിൽ ചർച്ചകൾ നടത്തിയ അഗസ്റ്റ വെസ്റ്റ് ലാൻഡ് വി.വി.ഐ.പി ചോപ്പർ ഇടപാടിൽ പ്രതിഫലം ലഭിച്ചതിന് ഗുപ്ത വിചാരണ നേരിടുന്നു എന്നത് ശ്രദ്ധേയമാണെന്നും മീഡിയപാർട്ട് വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ പ്രതിയായ ദുബായ് ആസ്ഥാനമായുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് രാജീവ് സക്‌സേനയിൽ നിന്ന് കണ്ടെടുത്ത ഡയറിയിൽ ഒരു റാഫേൽ ജെറ്റിന് 50 കോടി രൂപ നൽകിയതായി വെളിപ്പെടുത്തിയിരുന്നു. കരാർ ഒപ്പിടുന്നതിലേക്ക് നയിച്ച 15 വർഷത്തിനിടെ രണ്ട് ഫ്രഞ്ച് കമ്പനികൾ ഗുപ്തയ്ക്ക് നിരവധി ദശലക്ഷം യൂറോ നൽകിയെന്നും ഇ.ഡിയുടെ കേസ് ഫയലിൽ നിന്നുള്ള തെളിവുകൾ ഉദ്ധരിച്ചുകൊണ്ട് മീഡിയപാർട്ട് പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് വിമാന നിർമ്മാണ കമ്പനി വിശദീകരണവുമായി രംഗത്ത് വന്നത്.
Post Your Comments