Latest NewsIndia

ജസ്‌റ്റിസ് എന്‍ വി രമണയെ ഇന്ത്യയുടെ അടുത്ത ചീഫ് ‌ജസ്‌റ്റിസ് ആയി രാഷ്‌ട്രപതി നിയമിച്ചു

മറ്റെല്ലാ സുപ്രീം കോടതി ചീഫ് ജസ്റ്റിസുകളെക്കാളും അധിക കാലം, ഏതാണ്ട് പതിനാറു മാസത്തോളം, ഈ പദവിയില്‍ ഇരിക്കാനുള്ള ഭാഗ്യവും ജസ്റ്റിസ് രമണയ്ക്കുണ്ടാവും.

ന്യൂഡല്‍ഹി: ഇന്ത്യയുടെ നാല്‍പത്തിയെട്ടാമത് സുപ്രീംകോടതി ചീഫ് ജസ്‌റ്റിസായി എന്‍. വി രമണയെ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് നിയമിച്ചു. ജസ്‌റ്റിസ് എസ്.എ ബോബ്‌ഡെ ഏപ്രില്‍ 23ന് സ്ഥാനമൊഴിയും. ഏപ്രില്‍ 24ന് എന്‍.വി രമണ സ്ഥാനമേല്‍ക്കും. 2022 ഓഗസ്‌റ്റ് 26വരെ ജസ്‌റ്റിസ് രമണയ്‌ക്ക് കാലാവധിയുണ്ട്.

ആന്ധ്രാ പ്രദേശിലെ കൃഷ്‌ണാ ജില്ലയിലെ പൊന്നാവാരം ഗ്രാമത്തില്‍ 1957 ഓഗസ്‌റ്റ് 27നാണ് ജസ്‌റ്റിസ് എന്‍.വി രമണ ജനിച്ചത്. അദ്ദേഹം അഭിഭാഷകനായി എന്‍റോള്‍ ചെയ്‌തത് 1983 ഫെബ്രുവരി 10നാണ്. ആന്ധ്രാ പ്രദേശ് ഹൈക്കോടതിയില്‍ ജഡ്‌ജിയായി 2000 ജൂണ്‍ 27ന് നിയമിതനായി. 2013 മാര്‍ച്ച്‌ 10 മുതല്‍ മേയ് 20 വരെ ആക്‌ടിംഗ് ചീഫ്‌ ജസ്‌റ്റിസായി. 2013 സെപ്‌തംബര്‍ രണ്ടിന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി നിയമിതനായി. 2014 ഫെബ്രുവരി 17ന് സുപ്രീംകോടതി ജഡ്‌ജിയായി.

നിയമസഭ കൂടുന്നത് നീട്ടിവയ്‌ക്കാനുള‌ള അരുണാചല്‍ പ്രദേശ് ഗവര്‍ണറുടെ ഉത്തരവിനെതിരായ വിധിയും, ജമ്മു കാശ്‌മീരില്‍ ഇന്റര്‍നെ‌റ്റ് പുനസ്ഥാപിക്കുന്നതിനുള‌ള വിധിയും ഭര്‍ത്താവ് ഓഫീസില്‍ ചെയ്യുന്ന ജോലിക്ക് തുല്യമാണ് ഭാര്യ വീട്ടില്‍ ചെയ്യുന്ന ജോലി എന്ന സുപ്രീംകോടതി വിധിയും പുറപ്പെടുവിച്ചത് ജസ്‌റ്റിസ് എന്‍.വി രമണയാണ്. മറ്റെല്ലാ സുപ്രീം കോടതി ചീഫ് ജസ്റ്റിസുകളെക്കാളും അധിക കാലം, ഏതാണ്ട് പതിനാറു മാസത്തോളം, ഈ പദവിയില്‍ ഇരിക്കാനുള്ള ഭാഗ്യവും ജസ്റ്റിസ് രമണയ്ക്കുണ്ടാവും.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഢി, അമരാവതി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടുകൊണ്ട് ജസ്റ്റിസ് രമണക്കെതിരെ ആക്ഷേപം ഉന്നയിച്ചു കൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബോബ്ഡെക്ക് കത്തെഴുതിയ സാഹചര്യത്തിലാണ് അടുത്തിടെ അദ്ദേഹത്തിന്റെ പേര് മാധ്യമങ്ങളില്‍ നിറഞ്ഞത്.എന്നാല്‍, സുപ്രീം കോടതി തുടര്‍ന്ന് നടത്തിയ ഒരു ആഭ്യന്തര അന്വേഷണത്തില്‍ ഈ ആക്ഷേപങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button