
കണ്ണൂര്‍: പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുളള പല ശ്രമങ്ങളും നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും ജനങ്ങള്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടതുപോലെ എല്ലാ ദുരാരോപണവും ജനം തളളും. കേരളത്തില്‍ 2016 മുതല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയോ അതിനോടൊപ്പം കേരളത്തിലെ ജനങ്ങള്‍ അണിനിരന്നിട്ടുണ്ട്.
എല്‍ ഡി എഫിന് ചരിത്രവിജയം ജനങ്ങള്‍ സമ്മാനിക്കുമെന്നും പിണറായി വിജയന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.ഈ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വലിയ വിവാദമായി വന്നിട്ടില്ല. ജനങ്ങളില്‍ തനിക്ക് പൂര്‍ണവിശ്വാസമാണ്. താന്‍ ജനിച്ചുവളര്‍ന്ന നാടാണ് ധര്‍മ്മടം. ആരെങ്കിലും വന്ന് പ്രത്യേക സീന്‍ ഇവിടെ ഉണ്ടാക്കി കളയാമെന്ന് വിചാരിച്ചാല്‍ ഏശുന്ന നാടല്ല ഇത്.
അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദേവഗണങ്ങളും ഈ നാട്ടിലെ എല്ലാ ആരാധനാ മൂര്‍ത്തികളും ഈ സര്‍ക്കാരിനൊപ്പമാണ്. കാരണം ഈ സര്‍ക്കാരാണ് ജനങ്ങളെ സംരക്ഷിച്ച് നിര്‍ത്തിയത്. ജനങ്ങളെ സംരക്ഷിച്ച് നിര്‍ത്തുന്നവരോടൊപ്പം ആണ് എല്ലാ ദേവഗണങ്ങളുമെന്നും പിണറായി അഭിപ്രായപ്പെട്ടു.
കരുതിവച്ച ബോംബ് പുറത്തെടുക്കാന്‍ പറ്റിയോ എന്ന് അറിയില്ല. ഏതിനേയും നേരിടാന്‍ ജനങ്ങള്‍ തയ്യാറായിരുന്നു. കരുതിവച്ചതൊന്നും വിലപോവില്ലെന്ന തിരിച്ചറിവ് പിന്നീട് തോന്നികാണും. നേമത്തെ അക്കൗണ്ട് ക്ലോസ് ചെയ്യും. മറ്റ് എവിടെയങ്കിലും ധാരണയുണ്ടാക്കി യു ഡി എഫ് വോട്ട് മറിക്കുമോയെന്ന് അറിയില്ല. മലമ്പുഴയിലൊന്നും ബി ജെ പിക്ക് ഒരു രക്ഷയുമുണ്ടാകില്ലെന്നും പിണറായി പറഞ്ഞു.
Post Your Comments