പാലക്കാട്: ജോലിയില്‍ നിന്നു രാജിവെച്ചിട്ടും ഔദ്യോഗികപദവി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതിന് ഒറ്റപ്പാലം യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിനെതിരെ പൊലീസ് കേസെടുത്തു. പ്രചാരണ പരിപാടികളില്‍ ഐ എ എ എസ്(ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട് സര്‍വീസ്) ഉപയോഗിച്ചതിനെതിരെയാണ് ഒറ്റപ്പാലം പോലീസ് കേസെടുത്തത്. പി സരിന്‍ ഐ എ എ എസ് എന്നത് ചില പ്രചരണ ബോര്‍ഡുകളില്‍ മാറ്റത്തതിനെ തുടര്‍ന്ന് വരണാധികാരിയായ സബ് കളക്ടര്‍ അര്‍ജ്ജുന്‍പാണ്ഡ്യന്‍ പോലീസിന് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
ഒറ്റപ്പാലം സി ഐ കേസെടുത്ത് എഫ് ഐ ആര്‍ ഒറ്റപ്പാലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് അയച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനും പെരുമാറ്റച്ചട്ടം ലംഘച്ചതിനുമാണ് കേസ്. സരിന്‍റെ പേരിനൊപ്പം വ്യാപകമായി ഐ എ എ എസ് എന്ന് എല്ലാ പോസ്റ്ററുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. സേവനത്തില്‍ നിന്ന് രാജിവെച്ചവര്‍ ഐ എ എ എസ് ചേര്‍ക്കുന്നത് ചട്ട ലംഘനമാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തെറ്റായ വിവരം നല്‍കിയെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും ആരോപിച്ചാണ് കേസ്.
24 മണിക്കൂര്‍ കൊണ്ട് ഐ എ എ എസ് മാറ്റമെന്നായിരുന്നു സബ് കലക്ടറുടെ നിര്‍ദ്ദേശം. എന്നാല്‍ ചില ഭാഗങ്ങളില്‍ മാറ്റത്തതിനെ തുടര്‍ന്നാണ് നടപടി. രാജിവെച്ചവര്‍ പേരിനൊപ്പം ഐ എ എ എസ് എന്ന് ഉപയോഗിക്കുമ്പോള്‍ രാജിവെച്ചു എന്നത് ചേര്‍ക്കണമെന്നാണ് ചട്ടം. ഡോ പി. സരിന് നേരത്തെ വരണാധികാരി നോട്ടീസ് നല്‍കിയിരുന്നു. പ്രചരണ പോസ്റ്ററുകളില്‍ പേരിനൊപ്പം ഐ എ എ എസ് എന്ന് ചേര്‍ത്തതിന് വിശദീകരണം തേടിയാണ് നോട്ടീസ് നല്‍കിയത്.
അഞ്ചുകൊല്ലം മുമ്പ് പദവി രാജിവച്ച സരിന്‍, പേരിനൊപ്പം ഇപ്പോഴും ഐഎഎസ് എന്നുപയോഗിക്കുന്നത് തെറ്റിദ്ധരിപ്പിക്കലാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിപ്പിച്ച പോസ്റ്ററുകളില്‍ സരിന്‍റെ പേരിനൊപ്പം ഐ എ എസ് എന്ന് ചേര്‍ത്തിരുന്നു. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചരണ വിഭാഗം നിരീക്ഷക സംഘമാണ് കണ്ടെത്തിയത്. ഐഎ എസ് എന്നത് പോസ്റ്ററുകളില്‍ നിന്നും ഉടന്‍ തന്നെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നഗരസഭ, ഒറ്റപ്പാലം താലൂക്കിലെ അമ്പലപ്പാറ, കടമ്പഴിപ്പുറം, കരിമ്പുഴ, ലക്കിടി-പേരൂര്‍, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര എന്നി ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഒറ്റപ്പാലം. 1996 മുതല്‍ എല്‍എഡിഎഫിന്‍റെ ഉറച്ച കോട്ടയായ മണ്ഡലത്തില്‍ നിന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുന്നത്. സിപിഎം ജില്ലാ കമ്മിറ്റിയംഗവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റുമായ കെ.പ്രേകുമാറാണ് എതിരാളി.
ബിജെപി സ്ഥാനാര്‍ഥിയായി പി.വേണുഗോപാലും മത്സര രംഗത്തുണ്ട്. അതേസമയം പോസ്റ്ററുകളില്‍ ഐഎഎസ് എന്ന് ഉപയോഗിച്ചത് തന്‍റെ അറിവോടെയല്ലെന്നാണ് സരിന്‍റെ വിശദീകരണം. യുഡിഎഫ് സ്ഥാനാര്‍ഥി നല്‍കിയ ഈ വിശദീകരണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്ന് ഒറ്റപ്പാലം സബ് കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments