ബംഗളുരു: സഹപാഠിയായ പെണ്‍കുട്ടിയോടൊപ്പം യാത്ര ചെയ്ത 23കാരനു നേരെ ആക്രമണം. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ മംഗളുരു നഗരത്തിന്റെ തീരപ്രദേശ മേഖലയില്‍ വച്ച് ഇന്നലെ രാത്രി 9.30 മണിയ്ക്കാണ് സംഭവം.
ഇതര മതസ്ഥയായ പെണ്‍കുട്ടിയും യുവാവും യാത്ര ചെയ്തിരുന്ന സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി, 23കാരനെ അതില്‍നിന്നും പിടിച്ചിറക്കിയാണ് ആക്രമിച്ചത്. തന്റെ സുഹൃത്തിനെ മര്‍ദ്ദിക്കുന്നത് കണ്ടുകൊണ്ട് തടയാനായി എത്തിയ പെണ്‍കുട്ടിയെയും ഇവര്‍ ഉപദ്രവിച്ചു. അക്രമികള്‍ യുവാവിന്റെ ഇടുപ്പിന്റെ ഭാഗത്തായി കുത്തിപ്പരിക്കേല്പിക്കുകയും ചെയ്തു.
ഈ സംഭവത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തു. നാല് ബജ്റംഗ് ദള്‍ പ്രവര്‍ത്തകരെ ഉടന്‍ പിടികൂടുമെന്നും കര്‍ണാടക പൊലീസ് പറഞ്ഞു.
യുവാവിനെ വര്‍ഷങ്ങളായി പെണ്‍കുട്ടിക്ക് അറിയാമായിരുന്നുവെന്നും പ്രദേശവുമായി പരിചയമില്ലാത്ത പെണ്‍കുട്ടിയെ സഹായിക്കുന്നതിനായാണ് യുവാവ് അവരെ അനുഗമിച്ചതെന്നും മംഗളുരു സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു . പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Post Your Comments