കണ്ണൂര്‍: തലശ്ശേരിയില്‍ ബിജെപിയുടെ പിന്തുണ സ്വീകരിക്കുന്നതില്‍നിന്നു സിപിഎം വിമതന്‍ സി.ഒ.ടി.നസീറിനെ പിന്തിരിപ്പിച്ചതു സിപിഎം സംസ്ഥാന സമിതിയംഗം പി.ജയരാജനാണെന്ന ആരോപണമുയര്‍ത്തി ബിജെപി. നസീറിനെ മത്സരരംഗത്തുനിന്നു പിന്തിരിപ്പിക്കാന്‍ താന്‍ ശ്രമിച്ചിരുന്നതായും നസീറിനോടു നേരിട്ടു സംസാരിച്ചതായും പി.ജയരാജന്‍ വെളിപ്പെടുത്തി. എന്നാല്‍ ഇതു പത്രിക നല്‍കുന്നതിനു മുന്‍പാണെന്നും അതിനുശേഷം നസീറുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും ജയരാജന്‍ വിശദീകരിച്ചു.
അതേസമയം നസീര്‍ പിന്തുണ നിരസിച്ചതില്‍ സിപിഎമ്മിനു പങ്കുണ്ടെന്നു ബിജെപി ആരോപിച്ചതോടെ, തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദം പുതിയ തലത്തിലേക്കു കടക്കുകയാണ്. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസിന്റെ പത്രിക തള്ളിപ്പോയതിനുശേഷം സി.ഒ.ടി.നസീറും ബിജെപി നേതാക്കളും തമ്മില്‍ നേരിട്ടു ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യം നസീറും ബിജെപിയും സമ്മതിച്ചതാണ്. രേഖാമൂലം പിന്തുണയാവശ്യപ്പെടണമെന്ന നിര്‍ദേശം ബിജെപി മുന്നോട്ടുവച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍, എന്‍ഡിഎയ്ക്കു തലശ്ശേരിയില്‍ സ്ഥാനാര്‍ഥിയില്ലാത്ത സാഹചര്യത്തില്‍ എന്‍ഡിഎയുടെ പരിപൂര്‍ണ പിന്തുണയും സഹായവും നല്‍കണമെന്നഭ്യര്‍ഥിച്ചുള്ള കത്ത് നസീര്‍ നേതൃത്വത്തിനു നല്‍കിയതായി ബിജെപി അവകാശപ്പെടുന്നു.
Read Also: പറ്റിപ്പോയി.. ബിജെപി പിന്തുണ തേടിയത് നാക്കുപിഴ; ചോദിച്ച പണം കിട്ടാത്തതല്ല കാരണമെന്നും സിഒടി നസീർ
എന്നാൽ ആവശ്യമെങ്കില്‍ കത്ത് പുറത്തുവിടാനും അവര്‍ തയാറാണ്. നേരിട്ടും രേഖാമൂലവും അഭ്യര്‍ഥന നടത്തിയശേഷമാണ് 29നു വാര്‍ത്താ സമ്മേളനം വിളിച്ച്, താന്‍ പിന്തുണ തേടിയിട്ടുണ്ടെന്നു നസീര്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിനാല്‍ സംഘടനയിലെ മറ്റുള്ളവര്‍ എന്‍ഡിഎ പിന്തുണ സ്വീകരിക്കേണ്ടെന്ന് അഭ്യര്‍ഥിക്കുകയും താന്‍ അനുസരിക്കുകയുമായിരുന്നുവെന്നു നസീര്‍ ഇപ്പോള്‍ പറയുന്നു. ബിജെപിയുടെ പിന്തുണയാണു വേണ്ടെന്നു പറഞ്ഞതെന്നും വോട്ട് ആരുടേതും സ്വീകരിക്കുമെന്നും നസീര്‍ വ്യക്തമാക്കുന്നു.
Post Your Comments